വാഷിങ്ടൻ ∙ വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ വേദിയിൽ കമിഴ്ന്നടിച്ചുവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കൊളറാഡോയിൽ എയർ ഫോഴ്സ് അക്കാദമിയിൽ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. ബൈഡനു സാരമായ പരുക്കുകളില്ലെന്നാണു സൂചന. വീഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോടു സംസാരിച്ച് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്കു നടക്കുമ്പോഴാണു ബൈഡൻ വീണത്. വേദിയിലെ എന്തിലോ കാൽതട്ടി മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ ഓടിയെത്തിയ സുരക്ഷാസേന ബൈഡനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഭാവഭേദമില്ലാതെ എഴുന്നേറ്റ ബൈഡൻ, തന്റെ വീഴ്‍ചയ്ക്കു കാരണമായ തടസ്സത്തിനു നേർക്കു വിരൽചൂണ്ടുകയും തമാശ പറഞ്ഞ് ഇരിപ്പിടത്തിലേക്കു നീങ്ങുകയും ചെയ്തു.
വേദിയിലെ ചെറിയ മണൽബാഗിൽ തട്ടിയാണു ബൈഡൻ വീണതെന്നും അദ്ദേഹത്തിനു കുഴപ്പമില്ലെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലാബോൾട്ട് ട്വീറ്റ് ചെയ്തു. എയർ ഫോഴ്സ് വൺ, മറീൻ വൺ എന്നിവയിൽ തിരികെ വൈറ്റ് ഹൗസിലേക്കു തിരിച്ച ബൈഡനു പിന്നെയും അപകടമുണ്ടായി. ഹെലികോപ്റ്ററിൽനിന്നു പുറത്തു കടക്കവേ വാതിലിൽ തലയിടിക്കുകയായിരുന്നു. പരുക്കേറ്റില്ലെന്ന മട്ടിലാണു ബൈഡൻ അപ്പോഴും മുന്നോട്ടു നടന്നത്.
English Summary: Video: Biden Falls At US Air Force Academy Graduation Ceremony