മുംബൈ ∙ അനുവദനീയമായതിലേറെ ഭാരമുള്ള ബാഗുകളുമായി വിമാനത്താവളത്തിലെത്തിയ യുവതിയോടു പണം അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ബാഗിൽ ബോംബുണ്ടെന്നു ഭീഷണി. ഒടുവിൽ അതു നുണയാണെന്നു കണ്ടെത്തിയ അധികൃതരുടെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തു.
മേയ് 29 ന് ഭർത്താവും കുട്ടികളുമായി കൊൽക്കത്തയ്ക്കു പോകാൻ എത്തിയ യുവതിയാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നാടകീയ അന്തരീക്ഷം സൃഷ്ടിച്ചത്. ചെക്കിൻ കൗണ്ടറിലെത്തിയ യുവതി രണ്ടു ബാഗുകൾ കൈമാറി ബോർഡിങ് പാസ് ആവശ്യപ്പെട്ടു. എയർലൈൻ നിയമപ്രകാരം, ഓരോ ആഭ്യന്തര യാത്രികനും 15 കിലോ ഭാരമുള്ള ഒരു ബാഗ് കൈവശം വയ്ക്കാനേ അനുവാദമുള്ളൂ. എന്നാൽ യുവതിയുടെ ബാഗുകൾക്ക് 22.05 കിലോ ഭാരമുണ്ടായിരുന്നു. തുടർന്ന് യുവതിയോട് പണം അടയ്ക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
അതിനു തയാറാകാതിരുന്ന യുവതി ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ, ബാഗുകളിൽ ഒന്നിൽ ബോംബുണ്ടെന്നു പറഞ്ഞു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്താവള അധികൃതരുടെ പരാതിയിൽ യുവതിയെ സഹർ പൊലീസ് കസ്റ്റഡിയിലെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അടുത്ത ദിവസം കോടതിയിൽ ഹാജരാകാന്‍ യുവതിക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
English Summary: Woman made a situation when she asked to pay for excess baggage