ADVERTISEMENT

ബാലസോർ∙ 21–ാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിനപകടമാണ് ഒഡീഷയിലെ ബാലസോറിൽ ഉണ്ടായതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞത്. അപകടത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മമത പ്രഖ്യാപിച്ചു.

‘‘കൊറമാണ്ഡൽ ഏറ്റവും മികച്ച എക്സ്പ്രസ് ട്രെയിനുകളിലൊന്നാണ്. ഞാൻ മൂന്നു തവണ റെയിൽവേ മന്ത്രിയായിരുന്നു. ഞാൻ ഇവിടെ കണ്ടതുവച്ച് 21–ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. ഇത്തരം കേസുകൾ റെയിൽവേ സുരക്ഷാ കമ്മിഷന് കൈമാറുകയും അവർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ് പൊതുവെയുള്ള രീതി.

അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അപകടം തന്നെ സംഭവിക്കുമായിരുന്നില്ല. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ നമുക്കു സാധിക്കില്ല. നമുക്ക‌ു ചെയ്യാനാകുന്നത് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയും എത്രയും വേഗം സാധാരണ സ്ഥിതി പുനഃസ്ഥാപിക്കുകയുമാണ്’’ – മമത പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അരികിൽ നിൽക്കെയായിരുന്നു മമതയുടെ വാക്കുകൾ.

‘‘മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകും. റെയിൽവേയുമായും ഒഡീഷ സർക്കാരുമായും രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ സഹകരിക്കും’’ – മമത പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും മറ്റു പരുക്കുകളുള്ളവർക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

‘‘ഇന്നലെ ഞങ്ങൾ 40 ആംബുലൻസുകൾ ഇവിടേക്ക് അയച്ചിരുന്നു. ഇന്ന് 70 എണ്ണം കൂടി അയച്ചിട്ടുണ്ട്. ബംഗാളിൽനിന്ന് അയച്ച 40 ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം ഇവിടെ രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു’’ – മമത ചൂണ്ടിക്കാട്ടി.

English Summary: Biggest incident in 21st century, says Mamata Banerjee at train accident site in Odisha's Balasore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com