ADVERTISEMENT

തിരുവനന്തപുരം∙ ഒഡീഷയിലുണ്ടായ ഇരട്ട ട്രെയിൻ അപകടത്തിനു പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവർ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ അപകടമെന്നും ബിനോയ് വിശ്വം കുറിച്ചു.

‘കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിലാണ്. സാധാരണക്കാരുടെ ട്രെയിനുകളും പാളങ്ങളും അവഗണിക്കപ്പെടുകയാണ്. ഒഡീഷയിലെ ട്രെയിൻ അപകടവും അവിടെ സംഭവിച്ച മരണങ്ങളും അതിന്റെ ഫലമാണ്. റെയിൽവേ മന്ത്രി രാജിവയ്ക്കണം’ – ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ ട്വീറ്റ്.

ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ എഴുപതിലധികം പേരാണ് മരിച്ചത്. മുന്നൂറ്റൻപതിലേറെ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.

English Summary: CPI MP Binoy Viswam demands resignation of Railway Minister Ashwini Vaishnaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com