ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിൽ സ്വന്തം മകനെ തേടി അച്ഛൻ; വേദനയായി ദൃശ്യങ്ങൾ
Mail This Article
ബാലസോർ∙ ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ ദൃശ്യങ്ങൾക്കിടയിൽ വേദനയായി മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തേടുന്ന 53കാരനായ അച്ഛൻ. കൊറമാണ്ഡല്‍ എക്സ്പ്രസില്‍ യാത്ര െചയ്തിരുന്ന മകനെ തേടുന്ന അച്ഛന്‍റെ ദൃശ്യങ്ങളാണ് കാഴ്ചക്കാർക്ക് നൊമ്പരമാകുന്നത്. ഏറെ നേരം തിരഞ്ഞെങ്കിലും ഇദ്ദേഹത്തിന് മകനെ കണ്ടെത്താനായില്ലെന്നാണ് വിവരം.
അതേസമയം., ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 803 പേർക്ക് പരുക്കേറ്റു. ഇതിൽ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു. അപകടത്തിൽപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസില്‍ 1257 പേരും ബെംഗളൂരു–ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിൽ 1039 പേരുമാണ് റിസർവ് ചെയ്ത് യാത്ര ചെയ്തിരുന്നത്. റിസർവ് ചെയ്യാത്ത യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയിൽ ഡൽഹിയിൽ ഉന്നതതലയോഗം ചേര്‍ന്നു. യോഗത്തിനു ശേഷം പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഷാലിമാറില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്കു പോവുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്‍റെ പിറകില്‍ ഇടിച്ചതോടെയാണ് അപകട പരമ്പരയ്ക്കു തുടക്കമായത്. കൊറമാണ്ഡല്‍ എക്സ്പ്രസിന്‍റെ 21 കോച്ചുകള്‍ പാളം െതറ്റി. മൂന്ന് കോച്ചുകള്‍ അടുത്ത പാളത്തിലൂടെ എതിര്‍ ദിശയില്‍ വരികയായിരുന്ന ബെംഗളൂരു – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസുമായി കൂട്ടിയിച്ചു. ബോഗികള്‍ തലകീഴായി മറിഞ്ഞു. കൊറമാണ്ഡല്‍ എക്സ്പ്രസിന്‍റെ ഒരു കോച്ച് പൂര്‍ണമായും തകര്‍ന്നു.
English Summary: Father Looking His Son Among The Dead Bodies