തിരുവനന്തപുരം∙ ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ കലഹം. മതിയായ കൂടിയാലോചനയില്ലാതെയാണ് 197 ബ്ലോക്ക് പ്രസിഡന്റുമാരെ കെപിസിസി നേതൃത്വം പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകി. ഉപസമിതി അന്തിമമാക്കിയ പേരുകൾ കെ.സുധാകരനും വി.ഡി.സതീശനും ഏകപക്ഷീയമായി വെട്ടിത്തിരുത്തിയെന്നാണ് പരാതി.
ബ്ലോക്ക് പുനഃസംഘടനയാണ് നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള പുതിയ പ്രശ്നങ്ങൾക്ക് കാരണം. ഗ്രൂപ്പുകളെ വെട്ടിനിരത്തി സംഘടന പിടിച്ചെടുക്കാൻ കെ.സുധാകരനും വി.ഡി. സതീശനും കൈകോർത്തുവെന്നതാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. 283 ബ്ലോക്ക് പ്രസിഡന്റുമാരിൽ 173 പേരുടെ പേരുകൾ ഗ്രൂപ്പ് പ്രതിനിധികൾ അടങ്ങിയ ഉപസമിതി അന്തിമമാക്കിയതാണ്. ഇതിലും നേതൃത്വം തിരുത്തൽ വരുത്തിയത് അംഗീകരിക്കില്ലെന്ന് മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച പരാതിയിൽ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടി.
തർക്കമുണ്ടായിരുന്ന ഇടങ്ങളിൽ ഗ്രൂപ്പ് നേതൃത്വങ്ങളുമായി നേതൃത്വം കൂടിയാലോചിച്ചതുമില്ല. ചർച്ചകളിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തലയും എം.എം. ഹസനും തലസ്ഥാനത്തുണ്ടായിട്ടും സുധാകരനും സതീശനും അവഗണിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. പാർട്ടി അധ്യക്ഷനായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച തനിക്ക് രണ്ട് പദവികളുടെയും ശക്തിയും ദൗർബല്യവും നന്നായി അറിയാമെന്ന് ചെന്നിത്തല സുധാകരനെയും സതീശനെയും അറിയിച്ചതായും വിവരമുണ്ട്.
പട്ടികയിൽ മാറ്റം വരുത്തിയില്ലെങ്കിൽ എ ഗ്രൂപ്പ് നിസ്സഹകരണം പ്രഖ്യാപിച്ചേക്കും. പട്ടികയിലെ അതൃപ്തി കെ.മുരളീധരനും പരസ്യമാക്കി. അതേസമയം, ഗ്രൂപ്പുകൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന നിലപാടിലാണ് നേതൃത്വം.
English Summary: Issues in State congress about block president postings