ന്യൂഡൽഹി∙ ഡൽഹി ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചെങ്കിലും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് രോഗിയായ ഭാര്യയെ കാണാനായില്ല. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന സിസോദിയയ്ക്ക് ഭാര്യയെ കാണാൻ കോടതി പ്രത്യേകം അനുമതി നൽകിയിരുന്നു. എന്നാൽ അദ്ദേഹം വീട്ടിലെത്തുന്നതിന് മുൻപ് ആരോഗ്യനില മോശമായതിനാൽ ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
രോഗിയായ ഭാര്യയെ കാണാൻ ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഡൽഹി ഹൈക്കോടതി മനീഷ് സിസോദിയയ്ക്ക് സമയം അനുവദിച്ചിരുന്നത്. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മനീഷ് സിസോദിയ ജാമ്യം തേടിയരുന്നെങ്കിലും, അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം മാർച്ച് ഒൻപതിന് അതേ കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.
English Summary: Manish Sisodia could not meet his ailing wife today after her health worsened