കൊല്ലം∙ വഴിയരികിൽ ബോധരഹിതയായി കിടന്ന അധ്യാപികയ്ക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. പുനലൂർ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക സാലിയെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.
കൊല്ലത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുമ്പോൾ കുണ്ടറയ്ക്കു സമീപം ചീരങ്കാവു വച്ചാണ് വഴിയരികിൽ ബോധരഹിതയായി കിടക്കുന്ന സാലിയെ മന്ത്രിയും സംഘവും കണ്ടത്. ഉടൻ തന്നെ വണ്ടി നിർത്തി അധ്യാപികയ്ക്ക് പ്രഥമ ശുശ്രൂഷ നൽകി. ബോധം തെളിഞ്ഞ അധ്യാപികയെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനത്തിലുള്ള പൊലീസുകാർക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു. അധ്യാപികയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൈലറ്റ് ഇല്ലാതെ മന്ത്രി യാത്ര തുടർന്നു.
കഴിഞ്ഞ ദിവസം കട്ടപ്പനയിൽ ഹൃദയാഘാതം ഉണ്ടായ 17 വയസ്സുകാരിയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ കേരളം ഏറ്റെടുത്തിരുന്നു.
English Summary: Minister Roshy Augustine Intervenes To Save Injured School Teacher