ADVERTISEMENT

ബാലസോർ∙ രാജ്യത്തെ നടുക്കിയ ബാലസോറിലെ ട്രെയിൻ അപകട സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ അപകടസ്ഥലത്ത് എത്തിയത്. പിന്നീട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പം അദ്ദേഹം ദുരന്ത സ്ഥലം സന്ദർശിച്ചു. അശ്വിനി വൈഷ്ണവും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളിലെ ഉദ്യോഗസ്ഥരും തൽസ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനായി പോയി.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവർക്കു സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നു പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 261 പേരാണു ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചത്. 650 ലേറെ പേർക്കു പരുക്കേറ്റു. 

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു–ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തെത്തി. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകട സ്ഥലം സന്ദർശിച്ചു.

English Summary: Prime Minister Narendra Modi called for a meeting in view of Odisha train accident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com