ADVERTISEMENT

ന്യൂഡൽഹി∙ സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് ഒഡീഷയിലെ ബാലസോറിൽ സംഭവിച്ചതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുൻ പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയുമായിരുന്ന ലാൽബഹദൂർ ശാസ്ത്രിയുടെ രാജി. ബാലസോർ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ്, ശാസ്ത്രിയുടെ രാജി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

രാഷ്ട്രീയത്തില്‍ പൊതുവെ ഒരു ആരോപണം ഉയര്‍ന്നാല്‍ ധാർമികതയുടെ പേരിൽ ആരോപണവിധേയന്‍ മാറിനില്‍ക്കണമെന്ന് ആവശ്യമുയരാറുണ്ട്. ആ ഇനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ശാസ്ത്രിയുടെ ചരിത്ര പ്രധാന രാജിയെന്നാണ് ഇതുമായി ബന്ധപ്പെട്ട രാജി ചർച്ചകളുടെ അടിസ്ഥാനം. എന്തായിരുന്നു ശാസ്ത്രിയുടെ പടിയിറക്കത്തിനുള്ള കാരണം?

ശാസ്ത്രി അഴിമതി കാണിച്ചിരുന്നോ? ശാസ്ത്രി ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടോ? ശാസ്ത്രി ഏതെങ്കിലും കേസില്‍ വിചാരണ നേരിട്ടോ? ഏതെങ്കിലും കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടോ? എല്ലാറ്റിനും ഇല്ല എന്നു തന്നെ ഉത്തരം. പിന്നെ എന്തിന് ശാസ്ത്രി രാജിവച്ചു?

1951ല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രി, നെഹ്റു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായി. അങ്ങനെയിരിക്കെയാണ് 1956 സെപ്റ്റംബര്‍ രണ്ടിന് ആന്ധ്രാപ്രദേശില്‍, ഹൈദരാബാദില്‍നിന്ന് നൂറു കിലോമീറ്റര്‍ മാറി മെഹ്ബൂബ് നഗറില്‍ ട്രെയിന്‍ അപകടമുണ്ടായത്. അപകടത്തിൽ 112 പേര്‍ മരിച്ചു. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശാസ്ത്രി രാജിക്കത്ത് നല്‍കി. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് നെഹ്റു തീരുമാനമെടുത്തു. ശാസ്ത്രിയുടെ രാജി നിരസിക്കപ്പെട്ടു.

ഈ സംഭവത്തിനു ശേഷം മൂന്ന് മാസം കഴിഞ്ഞില്ല, നവംബര്‍ 23ന് മദ്രാസിനടുത്ത് (ഇന്നത്തെ ചെന്നൈ) അരിയാളൂരിൽ മറ്റൊരു ട്രെയിന്‍ അപകടമുണ്ടായി. അവിടെ 144 പേര്‍ കൊല്ലപ്പെട്ടു. ഇത്തവണ ധാര്‍മികതയും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തി രാജിക്കാര്യത്തില്‍ ശാസ്ത്രി ഉറച്ചുനിന്നു. നെഹ്റു വഴങ്ങി.

ശാസ്ത്രിയുടെ രാജിയെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കവേ നെഹ്റു പറഞ്ഞു; ‘‘അപകടത്തില്‍ ശാസ്ത്രിക്ക് ഒരു പങ്കുമില്ല, രാജിവയ്‍ക്കേണ്ട കാര്യവുമില്ല. എന്നാല്‍, ഭരണഘടനാപരമായ മുറയ്‍ക്കും മര്യാദയ്‍ക്കും ഉദാഹരണവും അടിത്തറയും സൃഷ്ടിക്കുന്നതിനു വേണ്ടി ശാസ്ത്രിയുടെ രാജി സ്വീകരിക്കുന്നു’’ ശാസ്ത്രിയുടെ ഈ ‘രാജി ശാസ്ത്രം’ പരക്കെ അംഗീകരിക്കപ്പെട്ടു. ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചു.

നിലവിൽ ബിഹാർ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സുരേഷ് പ്രഭു തുടങ്ങിയവരും ട്രെയിൻ അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പല ഘട്ടങ്ങളിലായി രാജിവച്ച റെയിൽവേ മന്ത്രിമാരാണ്. 1999ൽ അസമിലെ ഗൈസാലിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 മരിച്ച സംഭവത്തിനു പിന്നാലെയാണ് നിതീഷ് കുമാർ രാജിവച്ചത്.

2000ലുണ്ടായ രണ്ട് ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മമതാ ബാനർജി രാജി സമർപ്പിച്ചത്. എന്നാൽ, അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി രാജി തള്ളി. 2017ൽ നാലു ദിവസത്തിനിടെയുണ്ടായ രണ്ട് ട്രെയിൻ അപകടങ്ങളെത്തുടർന്നാണ് സുരേഷ് പ്രഭു രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കാര്യത്തിൽ തീരുമാനം നീട്ടിയെങ്കിലും, തൊട്ടടുത്ത മാസം അദ്ദേഹം രാജിവച്ച് സ്ഥാനമൊഴിഞ്ഞു.

∙ ശാസ്ത്രിയുടെ ജീവിതം

15 വയസ് തികയുന്നതിന് മുന്‍പ് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ വ്യക്തിയാണ് ലാല്‍ബഹദൂര്‍ ശാസ്ത്രി. ഇതിന്റെ പേരിൽ 9 വര്‍ഷത്തിനടുത്താണ് അദ്ദേഹം ജയില്‍ വാസം അനുഭവിച്ചത്. ഇന്ത്യ സ്വതന്ത്രയായപ്പോള്‍, സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ പാര്‍ലമെന്ററി സെക്രട്ടറിയായി നിയമിതനായി. ഗോവിന്ദ് വല്ലഭ് പന്തിന്റെ സംസ്ഥാന മന്ത്രിസഭയില്‍ ആഭ്യന്തര, ഗതാഗത വകുപ്പു മന്ത്രിയായി. സംസ്ഥാന മന്ത്രിയായി പൊതുഗതാഗത സംവിധാനത്തില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആദ്യമായി നിയമനം നല്‍കിയത് ശാസ്ത്രിയായിരുന്നു. ലാത്തിക്കു പകരം പ്രതിഷേധക്കാരെ തുരത്താന്‍ ജലപീരങ്കി ഉപയോഗിക്കണമെന്ന് ഉത്തരവിട്ടതും ശാസ്ത്രി തന്നെ.

1951ല്‍ എഐസിസി ജനറൽ സെക്രട്ടറിയായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശാസ്ത്രിയെ നിയമിച്ചു. ആദ്യ പൊതു തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കല്‍ അടക്കം തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതല ശാസ്ത്രിക്ക് നല്‍കി. ട്രെയിൻ അപകടത്തെ തുടർന്ന് രാജിവച്ച ശാസ്ത്രി 1957ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് നെഹ്റു മന്ത്രിസഭയിലേക്കു മടങ്ങിവന്നത്.

അദ്ദേഹം ഗതാഗത, കമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിയായി. 1961ല്‍ ആഭ്യന്തര മന്ത്രിയായി. 1964 മേയ് 27ന് നെഹ്റു വിടവാങ്ങിയപ്പോൾ പൊക്കമുള്ള വലിയ നിര തന്നെയുണ്ടായിട്ടും ശാസ്ത്രിയുടെ തലപ്പൊക്കമാണ് ഉയർന്നുനിന്നത്. നെഹ്റൂവിയൻ സോഷ്യലിസ്റ്റ് ചിന്തകളുടെ പ്രവാചകനായ ശാസ്ത്രി അങ്ങനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി. ഇന്ത്യൻ പ്രധാനമന്ത്രിയായി.

English Summary: List Of Railway Ministers Who Resigned On Moral Grounds After Trains Mishaps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com