പട്ന∙ ഉപേന്ദ്ര ഖുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) എൻഡിഎയിൽ ചേരും. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഢയും ഉപേന്ദ്ര ഖുശ്വാഹയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുന്നണി പ്രവേശന ധാരണയായിട്ടുണ്ട്. ജെഡിയുവിൽ അസംതൃപ്തരായുള്ള നേതാക്കളെ അടർത്തിയെടുക്കാനുള്ള ഉപേന്ദ്ര ഖുശ്വാഹയുടെ പദ്ധതിയെ ബിജെപി പിന്തുണയ്ക്കും.
മഹാസഖ്യത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിയെ എൻഡിഎയിലേക്ക് എത്തിക്കാനുള്ള അണിയറ നീക്കങ്ങളും സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റ് ആവശ്യപ്പെട്ട് ജിതൻ റാം മാഞ്ചി മഹാസഖ്യ നേതൃത്വത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്നത് മുന്നണി മാറ്റത്തിനുള്ള തയാറെടുപ്പായാണു വിലയിരുത്തുന്നത്.
മഹാസഖ്യ രൂപീകരണത്തോടെ ബിഹാർ രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ട ബിജെപി എൻഡിഎ വിപുലീകരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
English Summary: RLJD Lead By Upendra Khushwaha To NDA