ADVERTISEMENT

ബാലസോർ ∙ ഒഡീഷയിലെ ട്രെയിൻ അപകടത്തിൽനിന്നും രക്ഷപ്പെട്ട മലയാളികളെ നോർക്ക റൂട്ട്സ് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽനിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ടത്. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. ഇവരെ നോർക്ക ചെന്നൈ എൻആർകെ ഡവലപ്മെന്റ് ഓഫിസർ അനു ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു.

ഇവരിൽ മൂന്നു പേർക്ക് ജൂൺ 4ന് രാത്രിയിൽ പുറപ്പെടുന്ന തിരുവനന്തപുരം മെയിലിലും, ബാക്കിയുളളവർക്ക് മാംഗളൂർ മെയിലിലും എമർജൻസി ക്വോട്ടയിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർ തിങ്കളാഴ്ച കേരളത്തിലെത്തും. ഇവരിൽ പരുക്കേറ്റ ഒരു യാത്രക്കാരന് ആവശ്യമായ ചികിത്സയും ചെന്നൈയിൽ ലഭ്യമാക്കിയിരുന്നു.

അപകടത്തെതുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്ന മറ്റ് നാലു പേരെ മുംബൈ എൻആർകെ ഡവലപ്മെന്റ് ഓഫിസർ ഷമീംഖാൻ ഭുവനേശ്വറിൽ എത്തി വിമാന ടിക്കുകൾ കൈമാറി. ജൂൺ 5ന് വിമാനമാർഗം നാട്ടിലെത്തിക്കും. ഭുവനേശ്വറിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരു വഴി തിങ്കളാഴ്ച രാത്രിയോടെ ഇവർ കൊച്ചിയിലെത്തും. കൊൽക്കത്തയിൽ റൂഫിങ് ജോലികൾക്കായി പോയ തൃശൂർ സ്വദേശികളായ കിരൺ.കെ.എസ്, രഘു.കെ.കെ, വൈശാഖ്.പി.ബി, ബിജീഷ്.കെ.സി എന്നിവരാണിവർ.  

അപകടവിവരം അറിഞ്ഞ ഉടനെതന്നെ നോർക്ക സിഇഒ ഒഡീഷയിലെ മലയാളി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് അടിയന്തരസഹായത്തിന് അഭ്യർഥിച്ചിരുന്നു. ഇതിനോടൊപ്പം നോർക്ക മുംബൈ എൻആർകെ ഡവലപ്മെന്റ് ഓഫിസർ ഷമീംഖാനെ അപകടസ്ഥലത്തെത്തി വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും നിയോഗിച്ചു. ഒഡീഷയിലെ വിവിധ മലയാളി അസോസിയേഷനുകൾ വഴി അപകടത്തിൽപ്പെട്ടവർക്കു സഹായങ്ങൾ ലഭ്യമാക്കിയിരുന്നു. 

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധികളായ ചന്ദ്രമോഹൻ നായർ, വി. ഉദയ്കുമാർ, രതീഷ് രമേശൻ, സോണി സി.സി., കെ.മോഹനൻ എന്നിവർ സഹായങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടി മുൻകൈ എടുത്തു. ഭുവനേശ്വർ എയിംസിലെ മെഡിക്കൽ പിജി വിദ്യാർഥികൂടിയായ ‍ഡോ.മനു ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകാനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരില്‍ കൂടുതൽ മലയാളികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി രക്ഷാദൗത്യം പൂർണമാകുന്നതുവരെ ഷമീംഖാൻ ഭുവനേശ്വറിൽ തുടരും. 

അപകടത്തിൽ പെട്ട കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെയോ, യശ്വന്ത്പുർ ഹൗറ സുപ്പർഫാസ്റ്റ് ട്രെയിനിലേയോ കൂടുതൽ മലയാളി യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ +91-9495044162 (ഷമീംഖാൻ, മുംബൈ എൻആർകെ ഡവലപ്മെന്റ് ഓഫിസർ, നോർക്ക റൂട്ട്സ്), അനു ചാക്കോ +91-9444186238 (എൻആർകെ ഡവലപ്മെന്റ് ഓഫിസർ, നോർക്ക റൂട്ട്സ്, ചെന്നൈ), റീസ, ബംഗളൂരു  എൻആർകെ ഡവലപ്മെന്റ് ഓഫിസർ ) എന്നീ നമ്പറുകളിലോ നോർക്ക റൂട്ട്സ് ​ഗ്ലോബൽ കോൺടാക്ട് സെന്ററിലോ 18004253939 (ടോൾ ഫ്രീ) നമ്പറിലോ അറിയിക്കാവുന്നതാണ്.

English Summary: Malayalees Who Survived Odisha Train Accident Will Return Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com