ADVERTISEMENT

ബാലസോർ∙ ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തുന്നുണ്ട്. റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു. ട്രാക്ക് ഇന്നു തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ചയോടെ ട്രെയിൻ സർവീസ് പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെത്തി. ഭുവനേശ്വർ എയിംസിൽ എത്തി പരുക്കേറ്റവരെ കണ്ടതിനു ശേഷം ബാലസോറിലേക്ക് പോകും. അപകടത്തിൽ മരണസംഖ്യ മുന്നൂറിലേക്ക് അടുക്കുകയാണ്. ട്രെയിനുള്ളില്‍ കുടുങ്ങിയ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പൂർത്തിയായതായി എൻഡിആർഎഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ആയിരത്തിലേറെ തൊഴിലാളികളാണ് ഇതിനായി പരിശ്രമിക്കുന്നത്. മറിഞ്ഞ 21 കോച്ചുകളും ഉയർത്തി. അപകടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. പാളം കൂട്ടിയോജിപ്പിക്കൽ ജോലി പുരോഗമിക്കുകയാണ്. തകരാറിലായ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിയും തുടരുന്നു.

മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സംഘവും അപകടസ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപുള്ള ദിവസങ്ങളിൽ ട്രാക്കിലെ ഇന്റർ ലോക്കിങ് സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായും ഇതിലെ പിഴവ് അപകടത്തിന്റെ കാരണമാകാമെന്നും സൂചനയുണ്ട്.

∙ റെയില്‍വേ മന്ത്രി രാജി വയ്ക്കണം: ശരദ് പവാര്‍

ട്രെയിന്‍ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു. സമാനമായ അവസരത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ലാൽ ബഹദൂർ ശാസ്ത്രിയെപ്പോലെ രാജിവച്ച് മന്ത്രി മാതൃക കാണിക്കണം. രാഷ്ട്രീയക്കാർ ഈ ഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടിയാണ് ഇതെന്നും പവാർ പറഞ്ഞു.

∙ പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍

ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. രക്ഷപെട്ട മലയാളികളും സംഘത്തിലുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കേരളത്തില്‍ നിന്നുള്ളവരെ നോര്‍ക്ക ഇടപെട്ട് ഉടന്‍ നാട്ടിലെത്തിക്കും.

English Summary: Odisha Balasore Triple Train Crash Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com