ന്യൂയോർക്ക്∙ ബിജെപിയെ തകർക്കാൻ കഴിയുമെന്നു കർണാടകയിൽ കോൺഗ്രസ് കാണിച്ചുതന്നെന്നു രാഹുൽ ഗാന്ധി. ബിജെപിയെ പരാജയപ്പെടുത്തുകയല്ല തകർക്കുകയാണു ചെയ്തതെന്നു രാഹുല്‍ പറഞ്ഞു. യുഎസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണു കർണാടകയിലെ വിജയത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രതീക്ഷകളെക്കുറിച്ചും രാഹുൽ തുറന്നു സംസാരിച്ചത്.
‘‘കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി എല്ലാ വഴികളും പരീക്ഷിച്ചു. മുഴുവൻ മാധ്യമങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. സർക്കാരുകളും ഏജൻസികളും പണവും അവർക്കൊപ്പമുണ്ടായിരുന്നു. എല്ലാം അവർക്കുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അവരെ തകർത്തു. തെലങ്കാനയിൽ ബിജെപിയെ തകർക്കാനാണു അടുത്ത നീക്കം. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ തെലങ്കാനയിൽ ബിജെപിയെ കണ്ടെത്താൻ പ്രയാസമായിരിക്കും.’’ രാഹുൽ ഗാന്ധി പറഞ്ഞു.
‘‘തെലങ്കാനയെ കൂടാതെ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കർണാടകയിൽ ബിജെപിയോട് ചെയ്തതു തന്നെ ഈ സംസ്ഥാനങ്ങളിലും ആവർത്തിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസല്ല, മറിച്ചു രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും തെലങ്കാനയിലെയും ജനങ്ങളാണ്.’’- രാഹുൽ വിശദീകരിച്ചു.
Rahul Gandhi says Congress will decimate bjp in Telangana