ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച (ജൂൺ 5) മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കിത്തുടങ്ങും. ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാലാണ് പിഴ ഈടാക്കാത്തത്. പക്ഷേ നാലു വയസ്സിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിക്കണം. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശം. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘‘റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിങിന് വിധേയമാണ്. പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമൻജൻസി സർവീസുകൾക്ക് മാത്രമാണ് ഇളവ്. വിഐപികളും സാധാരണക്കാരും ഒരുപോലെയാണ്. പദ്ധതിയെ എതിര്‍ക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. റോഡ് ക്യാമറയിൽ അഴിമതിയുണ്ടെങ്കിൽ പ്രതിപക്ഷം കോടതിയിൽ പോകണം. പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമാണ് നടക്കുന്നത്. ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി’’– മന്ത്രി പറഞ്ഞു. 

നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മോട്ടർ വാഹന വകുപ്പിന് നിർദേശം നൽകി. ജൂൺ രണ്ടിന് മാത്രം 2,40,746 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പൊലീസിനും എക്സൈസിനും നിരവധി കേസുകളിലെ പ്രതികളെ കണ്ടെത്താൻ ക്യാമറ സഹായകരമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നിയമലംഘകർക്ക് ചെലാൻ അയയ്‌ക്കുന്നത് ആരംഭിക്കും. ഇവർക്ക് ആവശ്യമെങ്കിൽ, പിഴയ്ക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർടിഒയ്‌‍ക്കാണ് അപ്പീൽ നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. രണ്ടുമാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് ഓൺലൈൻ സംവിധാനമൊരുങ്ങും. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐടിഎംഎസ് എന്ന ആപ്ലിക്കേഷൻ വഴിയാണു സ്വീകരിക്കുന്നത്. പിന്നീട് ഇതു സംസ്ഥാനങ്ങൾക്കു കൈമാറും.

സംസ്ഥാനത്തെ 692 റോഡ് ക്യാമറകളാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുക. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്‌ക്കുക. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്ക്കരിക്കാനാണ് തീരുമാനം. തപാൽ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുെടെ ഉടമകൾക്കു നിയമലംഘനത്തിന്റെ ഇ ചെലാൻ എസ്എംഎസ് ആയി ലഭിക്കില്ല.

ഇത്രയും വാഹനങ്ങളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതാണു കാരണം. ഇതിനാലാണ് തപാൽ മുഖേന അറിയിക്കുന്നത്. ക്യാമറകളുടെ ട്യൂണിങ് എതാണ്ടു പൂർത്തിയായി. ജില്ലാതല കൺട്രോൾ റൂമുകളിലായി 110 പേരെ കെൽട്രോൺ നിയോഗിച്ചുകഴിഞ്ഞു. 36 പേരെക്കൂടി രണ്ടു ദിവസത്തിനകം നിയമിക്കും.

English Summary: AI Road Camera functioning to start from Monday onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com