ADVERTISEMENT

കൊൽക്കത്ത∙ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മകന്റെ മരണ വാർത്ത വിശ്വസിക്കാതെ, തേടിയെത്തിയ പിതാവ് മൃതദേഹങ്ങൾക്കിടയിൽനിന്ന് മകനെ ജീവനോടെ കണ്ടെത്തി. കൊൽക്കത്തയിൽനിന്ന് ഒരുരാത്രികൊണ്ട് 230 കിലോമീറ്റർ സഞ്ചരിച്ചാണ് മകനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ പിതാവെത്തിയത്. കൊൽക്കത്ത സ്വദേശി ബിസ്വജിത് മാലിക് (24) ആണ് മരണത്തിൽനിന്ന് ജീവിതത്തിലേക്കു മടങ്ങിയെത്തുന്നത്. 

ഹൗറയിൽ കട നടത്തുന്ന ഹെലറാം മാലിക്കാണ് മകനെ മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ചത്. അപകടത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപായിരുന്നു ഹെലറാം, ഷാലിമാര്‍ റെയിൽവേ സ്റ്റേഷനിൽനിന്ന് കൊറമാണ്ഡൽ എക്സ്പ്രസിൽ ബിസ്വജിത്തിനെ യാത്രയാക്കിയത്. 

ട്രെയിൻ അപകടത്തെക്കുറിച്ച് അറിഞ്ഞ്, ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കവേ അവശനായ മറുപടിയാണ് ഹെലറാമിനു ലഭിച്ചത്. ഇതേതുടർന്ന്  ആംബുലൻസ് സംഘടിപ്പിച്ച് സഹോദരനോടൊപ്പം മകനെതേടി യാത്ര തിരിക്കുകയായിരുന്നു. ബാലസോറിലും സമീപത്തെയും ആശുപത്രികളിലാകെ ഇവർ ബിസ്വജിത്തിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടയിൽ രക്ഷാപ്രവർത്തകര്‍ പറഞ്ഞതനുസരിച്ചു  മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്കൂളിലും തിരയാൻ ഇവർ മനസ്സില്ലാമനസ്സോടെ നിർബന്ധിതരായി. നിരവധി മൃതദേഹങ്ങള്‍ക്കിടെ ഹെലറാം, ബിസ്വജിത്തിനെ തേടി. ഇതിനിടെയാണ് രക്ഷാപ്രവർത്തകരിൽ ഒരാൾ, മൃതദേഹത്തിൽ ഒന്നിന്റെ കൈ വിറയ്ക്കുന്നതായി പറയുന്നത്. അതു നോക്കുന്നതിനായി എത്തിയപ്പോൾ ബിസ്വജിത്തിനെ തിരിച്ചറിയുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ് അബോധവസ്ഥയിലായിരുന്ന മകനെ ഉടൻ ഹെലറാം ബാലസോർ ആശുപത്രിയിലേത്തിച്ചു. പ്രാഥമിക ചികിത്സകൾക്കുശേഷം സ്വന്തം നിർബന്ധപ്രകാരം വിദഗ്ധ ചികിൽസയ്ക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.  കാലിനും കൈയ്‌ക്കുമെല്ലാം ശസ്ത്രക്രിയകൾ പൂർത്തിയായതോടെ ജീവിതത്തിലേക്കു മകനെ തിരികെ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹെലറാം മാലിക്. 

English Summary: Odisha train accident, father refused to belive his son was dead,hours later he found him alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com