മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് ഉദ്യോഗാർഥി; അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തി

Mail This Article
കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി. അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിനെത്തിയ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ ഉദ്യോഗാർഥിയാണ് രണ്ടു വർഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.
എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തിൽ പ്രവൃത്തിപരിചയം ഉണ്ടെന്നാണ് ഉദ്യോഗാർഥി അഭിമുഖ പാനലിനു മുന്നിൽ ഹാജരാക്കിയ രേഖ. ജൂൺ രണ്ടിനായിരുന്നു അട്ടപ്പാടി ഗവ. കോളജിലെ മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർ അഭിമുഖം. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്ക്, മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയിൽ സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോൾ രേഖ വ്യാജമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. 10 വർഷമായി മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതർ വ്യക്തമാക്കുന്നത്.
കോളജ് കൗൺസിൽ ചേർന്നശേഷം സംഭവത്തെക്കുറിച്ച് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. ഇത്തരത്തിൽ രേഖകൾ ഹാജരാക്കുമ്പോൾ അതത് കോളജുകളാണ് അതിന്റെ ആധികാരികത പരിശോധിക്കേണ്ടതെന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്.ജോയ് പറഞ്ഞു. മുൻപ് പാലക്കാട്ടും കാസർകോട്ടുമുള്ള രണ്ടു ഗവൺമെന്റ് കോളജുകളിൽ ഉദ്യോഗാർഥി ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണ് വ്യാജരേഖ ചമച്ച് ഉദ്യോഗാർഥി ജോലി നേടിയതെന്നാണു വിവരം. ഇവർക്കു കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം സാധ്യമാക്കിയതിലും ഉന്നത ഇടപെടൽ സംശയിക്കുന്നു.
English Summary: Fake work experience certificate created in the name of Maharajas College