വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യയിലുള്ളത് തികച്ചും ഊർജസ്വലമായ ജനാധിപത്യ സംവിധാനമെന്ന് യുഎസ്. ഇന്ത്യയിലെത്തുന്ന ആർക്കും ഇക്കാര്യം മനസ്സിലാക്കാവുന്നതേ ഉള്ളൂവെന്നും യുഎസ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം യുഎസ് സന്ദർശിക്കാനിരിക്കെയാണ്, മോദിക്കു കീഴിൽ ഇന്ത്യയിൽ ജനാധിപത്യം മികച്ച നിലയിലാണെന്ന യുഎസ് വിലയിരുത്തൽ.
മോദി ഭരണത്തിൽ ജനാധിപത്യ സംവിധാനങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന വിമർശനങ്ങൾ ശക്തമാകുമ്പോഴാണ് യുഎസിന്റെ മറിച്ചുള്ള നിലപാടെന്നതും ശ്രദ്ധേയം.
‘ഇന്ത്യ വളരെ ഊർജസ്വലമായ ജനാധിപത്യ സംവിധാനമാണ്. ഇന്ത്യ സന്ദർശിക്കുന്ന ആർക്കും ഇക്കാര്യം നേരിട്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ ജനാധിപത്യ സംവിധാനങ്ങളുടെ ആരോഗ്യവും കരുത്തും പൊതു ചർച്ചകളുടെ ഭാഗമാകുമെന്നാണ് എന്റെ പ്രതീക്ഷ’ – യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘‘ഇന്ത്യ യുഎസിന്റെ അടുത്ത സുഹൃത്താകുന്നതിന് കാരണങ്ങൾ പലതുണ്ട്. അത് വെറുമൊരു ഉഭയകക്ഷി ബന്ധമല്ല. ഒട്ടേറെ തലങ്ങളിൽ പടർന്നു കിടക്കുന്നൊരു കൂട്ടുകെട്ടാണ്. എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കാനും ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രി മോദി എത്തുന്നതിനെ പ്രസിഡന്റ് ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അങ്ങനെ ഇരു രാജ്യങ്ങളം തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും ഊട്ടിയുറപ്പിക്കാമെന്നാണ് പ്രതീക്ഷ’ – കിർബി പറഞ്ഞു.
English Summary: On Health Of Democracy Under PM Modi, US Says "Go See For Yourself"