ബെംഗളൂരു∙ ടോൾ നൽകുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ ബൂത്തിൽ ജീവനക്കാരനെ അടിച്ചുകൊല്ലുന്നതിന്റെ വിഡിയോ പുറത്ത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
രാമനഗര ശേഷഗിരിഹള്ളി ടോൾ ബൂത്തിലെ ജീവനക്കാരൻ പവൻ കുമാർ (26) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ജീവനക്കാരനായ മഞ്ജുനാഥ് (25) ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞതായി രാമനഗര എസ്പി കാർത്തിക് റെഡ്ഡി പറഞ്ഞു. ബിഡദി പൊലീസിനാണ് അന്വേഷണച്ചുമതല.
ടോൾ നൽകാതെ കടന്നുപോകാൻ കാർ യാത്രക്കാർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കാർ യാത്രികരെ തടയാൻ പവൻ കുമാറും മഞ്ജുനാഥും ചേർന്ന് ശ്രമിച്ചു. തുടർന്ന് യാത്രക്കാരായ 4 പേരും ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. പ്രദേശവാസികൾ ഇടപ്പെട്ടതോടെ കാർ യാത്രക്കാർ ഇവിടെനിന്ന് മടങ്ങി.
രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പവൻകുമാർ സമീപത്തെ ഹോട്ടലിലേക്കു പോകുന്നതിനിടെയാണ് ഹോക്കി സ്റ്റിക്കുമായി എത്തിയ സംഘം ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ പവൻകുമാറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary: Following argument, toll plaza employee beaten to death on Bengaluru-Mysuru Expressway