തിരുവനന്തപുരം∙ കെ ഫോണ്‍ പദ്ധതിയെ വിമര്‍ശിച്ചിട്ടില്ലെന്നും വിമർശിച്ചത് അഴിമതിയേയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, 1028 കോടിയുടെ കെ ഫോൺ പദ്ധതി 500 കോടിയിലധികം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1548 കോടിയാക്കി ഉയര്‍ത്തിയെന്ന് വി.ഡി.സതീശൻ പറഞ്ഞു. പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെന്‍ഡര്‍ എക്‌സസ് നല്‍കാന്‍ പാടില്ലെന്ന ധനകാര്യവകുപ്പിന്റെ സര്‍ക്കുലര്‍ നിലനില്‍ക്കെ വെറുമൊരു കത്തിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ എക്‌സസ് 50 ശതമാനമാക്കി ഉയര്‍ത്തിയത് അഴിമതിയാണ്.
പൊതുമേഖലാ സ്ഥാപനമായ ഭെല്‍ കറക്ക് കമ്പനിയായ എസ്ആര്‍ഐടിക്കാണ് കരാര്‍ മറിച്ചു നല്‍കിയത്. എസ്ആര്‍ഐടി അശോക് ബിഡ്‌കോണിനും അശോക് ബിഡ്‌കോണ്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോയ്ക്കും കരാര്‍ നല്‍കിയത് അഴിമതിയാണ്. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് 60,000 പേര്‍ക്ക് നല്‍കാനുള്ള ലൈസന്‍സ് മാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. നിലവാരം കുറഞ്ഞ കേബിളുകളാണ് ചൈനയില്‍നിന്നും പദ്ധതിക്കായി വരുത്തിയിരിക്കുന്നത്. ഒപിജിഡബ്ല്യു കേബിളുകള്‍ ഇന്ത്യയില്‍ നിർമിക്കണമെന്നും കുറഞ്ഞത് 250 കിലോമീറ്റര്‍ കേബിള്‍ നിര്‍മിച്ച സ്ഥാപനം ആയിരിക്കണമെന്നും കരാറിന്റെ ടെന്‍ഡറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ കേബിള്‍ ഇറക്കുമതി ചെയ്യുന്നത്.
സംസ്ഥാനം വിവര സാങ്കേതിക മേഖലയില്‍ വന്‍ പുരോഗതി നേടിയെന്നു പറയുന്ന മുഖ്യമന്ത്രി ആദ്യം റേഷന്‍ കൊടുക്കാനുള്ള സെര്‍വറാണ് ആദ്യം ശരിയാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ട് വര്‍ഷമായി ആ സെര്‍വര്‍ നന്നാക്കാന്‍ സാധിച്ചിട്ടില്ല. എന്നിട്ടാണ് ഒരു ലക്ഷം ഡോളര്‍ നല്‍കുന്ന ആളുകള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ അമേരിക്കയിലേക്ക് പോകുന്നത്. അഴിമതി ക്യാമറ, കെ ഫോണ്‍ അഴിമതികളെ പ്രതിപക്ഷം നിയമപരമായി ചോദ്യം ചെയ്യും.
പ്രതിപക്ഷം എന്ന് കോടതിയില്‍ പോകണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമില്ല. അഴിമതി നടന്നതു കൊണ്ടാണ് ഒരു മന്ത്രിമാരും ഇതുവരെ പ്രതിരോധിക്കാന്‍ വരാത്തത്. അതുകൊണ്ടാണ് പൊതുമരാമത്ത് മന്ത്രി മറ്റ് മന്ത്രിമാരെ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ പ്രതിരോധിച്ചാല്‍ മറ്റ് മന്ത്രിമാരുടെ പ്രതിച്ഛായ തകരുമെന്നാണ് അവര്‍ ഭയപ്പെടുന്നതെന്നാണ് റിയാസ് പറഞ്ഞത്. ആരും ഇത്തരമൊരു അഴിമതിയെ ന്യായീകരിക്കാൻ തയാറാകില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
English Summary: V.D.Satheesan on KFON Project