ജെഎൻയു ക്യാംപസിൽ നിന്ന് വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
Mail This Article
ന്യൂഡൽഹി∙ ജവർഹർലാൽ നെഹ്റു സർവകലാശാല ക്യാംപസിൽ നിന്ന് വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മദ്യപിച്ച് കാറിൽ ക്യാംപസിനകത്തു പ്രവേശിച്ച പുരുഷന്മാർ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. സംഭവത്തിൽ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പൊലീസിൽ പരാതി നൽകി. സ്റ്റുഡന്റ്സ് യൂണിയന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബുധനാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയവരാണ് ക്യാംപസ് റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്ന് എബിവിപി വൃത്തങ്ങൾ പറയുന്നു. രണ്ടു പെൺകുട്ടികളെയും കാറിലേക്കു പിടിച്ചുകയറ്റാൻ ശ്രമിച്ചു. ക്യാംപസിനുള്ളിലെ സുരക്ഷാവീഴ്ചയാണ് ഇതിനു കാരണമെന്ന് എബിവിപി ആരോപിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾ സർവകലാശാലയിലെ വിദ്യാർഥികളല്ലെന്ന് പൊലീസ് പറഞ്ഞു.
വിഷയത്തിൽ സർവകലാശാല വൈസ് ചാൻസലറും പൊലീസില്‍ പരാതി നൽണമെന്ന് സ്റ്റുഡന്റ്സ് യൂണിയൻ ആവശ്യപ്പെട്ടു. മാത്രമല്ല, സർവകലാശാലയിൽ തുടരുന്ന സുരക്ഷാ വീഴ്ച സംബന്ധിച്ച് വിസി വിശദീകരണം നൽകണമെന്നും സ്റ്റുഡന്റ്സ് യൂണിയൻ ആവശ്യപ്പെട്ടു.
English Summary: Two JNU Girl Students Molested Near Campus