ADVERTISEMENT

കാസർകോട് ∙എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പെട്ട എസ്എഫ്ഐ നേതാവ് തൃക്കരിപ്പൂരിലെ കെ.വിദ്യ (വിദ്യ വിജയൻ) കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലും ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്ത സാഹചര്യത്തിൽ ഇവർ ഇവിടെ ഹാജരാക്കിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് കോളജ് അധികൃതർ മഹാരാജാസ് കോളജ് അധികൃതരോട് ആരാഞ്ഞു.

2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് ഇവർ ഇവിടെ താൽക്കാലികാധ്യാപികയായി ജോലി ചെയ്തിരുന്നത്. എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തന്നെയാണ് കരിന്തളത്തും ഹാജരാക്കിയിരുന്നത്. ഇതേ രേഖയാണ് സാധുത ആരാഞ്ഞ് ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം വഴി ഓൺലൈൻ ആയി മഹാരാജാസ് കോളജിലേക്ക് അയച്ചത്.

ഇന്നു രാവിലെ കോളജിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്. കോളജിലെ അക്കാദമിക് കാര്യങ്ങളിൽ അടിയന്തര ആലോചന നടത്തേണ്ട ഘട്ടങ്ങളിൽ കൗൺസിൽ ചേരണമെന്നാണ് സർവകലാശാല ചട്ടം. കോളജ് പ്രിൻസിപ്പൽ, പ്രധാന പഠന വകുപ്പുകളുടെ തലവന്മാർ, കോളജ് സൂപ്രണ്ട് എന്നിവരുൾപ്പെട്ടതാണ് കൗൺസിൽ.

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ജയ്സൺ.വി.ജോസഫ്, വിവിധ പഠന വകുപ്പ് മേധാവികളായ ഡോ.ജിൻസ് ജോസഫ്, ഡോ. നെവിൽ സ്റ്റീഫൻ, ഡോ.ടി.എസ്.ശ്രീജ, ജൂനിയർ സൂപ്രണ്ട് എം.നിഖിൽ ശർമ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളജ് പ്രിൻസിപ്പലിനും പരാതി നൽകി.

അതിനിടെ, കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത കാലയളവിൽ ഇവർ സർവകലാശാല മൂല്യ നിർണയ ക്യാംപുകളിലും പങ്കെടുത്തതായി വിവരമുണ്ട്. യോഗ്യതാ സർട്ടിഫിക്കറ്റ് വിഷയത്തിൽ മഹാരാജാസ് അധികൃതരുടെ മറുപടി ലഭിച്ചാൽ ആവശ്യമായ തുടർ നടപടികൾക്കൊരുങ്ങുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് പറഞ്ഞു.

English Summary: Karinthalam govt college authorities send K.Vidhya's certificate to Maharajas College for clarification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com