പാലക്കാട്∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷയിൽ വിജയിച്ചുവന്ന ആരോപണവും വിവാദവും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. ഏതുതരം ഗൂഢാലോചനയാണ് നടന്നതെന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലി തേടിയെന്ന് എസ്എഫ്ഐ പ്രവർത്തക വിദ്യാ വിജയനെതിരെയുളള പരാതിയിൽ ആരെയും സംരക്ഷിക്കുന്ന രീതി പാർട്ടിയിൽ നിന്നുണ്ടാകില്ല. പൊലീസ് അന്വേഷണവും അനുബന്ധ നടപടികളും നടക്കട്ടെ എന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായുള്ള മാർക്ക്‌ലിസ്റ്റ് പുറത്തുവന്നതാണ് വിവാദമായത്. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും ആർഷോയ്ക്കു മാർക്കോ ഗ്രേഡോ ഇല്ല. എന്നാൽ, ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 23നു പ്രസിദ്ധീകരിച്ച ഫലമാണ് ഇപ്പോൾ വിവാദത്തിലായത്.
English Summary: M.V.Govindan on controversy over the marklist of P.M.Arsho