ADVERTISEMENT

വാഷിങ്ടൻ∙ യുഎസിന്റെ കൈവശം അന്യഗ്രഹ വാഹനങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഡേവിഡ് ഗ്രുഷ് എന്നയാളാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഡിഫൻസ് ഏജൻസിയിൽ, അസാധാരണ പ്രതിഭാസങ്ങളെ വിശകലനം ചെയ്യുന്ന വിഭാഗത്തിലാണ് ഗ്രുഷ് പ്രവർത്തിച്ചിരുന്നത്. മനുഷ്യനിർമിതമല്ലാത്ത പേടകങ്ങൾ യുഎസിനു സ്വന്തമായുണ്ടെന്നും ഇക്കാര്യം പൊതുജനങ്ങളിൽനിന്നു രഹസ്യമാക്കിവച്ചിരിക്കുകയാണെന്നും ഗ്രുഷ് പറയുന്നു. ‘ദ് ഡെബ്രിഫ്’ എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ‘ദ് ഗാർഡിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘‘മനുഷ്യനിർമിതമല്ലാത്ത പേടകങ്ങൾ യുഎസ് വീണ്ടെടുക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഇതിനെ ബഹിരാകാശ പേടകം എന്നു വിളിക്കാം. ഭൂമിയിൽ ലാൻഡ് ചെയ്തതോ തകർന്നുവീണതോ ആയ പേകടങ്ങളാണ് ഇവ.’’ – ഗ്രുഷ് പറഞ്ഞു. ഈ വാഹനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ യുഎസ് കോൺഗ്രസിനു കൈമാറിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയതായും ഗ്രുഷ് കൂട്ടിച്ചേർത്തു. യുഎസ് ഇന്റലിജൻസിലെ 14 വർഷത്തെ സർവീസിനുശേഷം, 2023 ഏപ്രിലിലാണ് ഗ്രുഷ് വിരമിച്ചത്.

ഈ വാഹനങ്ങളുടെ വിവരങ്ങൾ കോൺഗ്രസ് അനധികൃതമായി മറച്ചുവയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ യഥാർഥത്തിൽ അന്യഗ്രഹ പേടകങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ടില്ലെന്നും എന്നാൽ ഇതു സംബന്ധിച്ച് അറിവുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ദീർഘനേരം സംസാരിച്ചിട്ടുണ്ടെന്നും ഗ്രുഷ് അവകാശപ്പെടുന്നു.

‘‘ഇതു ഭ്രാന്താണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ഇത് ഒരു കുതന്ത്രമാണെന്നും ഞാൻ വഞ്ചിക്കപ്പെടുകയാണെന്നുമാണ് കരുതി. എന്നാൽ എന്റെ അടുത്തുവന്ന മുതിർന്ന, മുൻ ഇന്റലിജൻസ് ഓഫിസർമാരുണ്ട്, അവരിൽ പലർക്കും എന്റെ കരിയർ മുഴുവൻ അറിയാമായിരുന്നു. ഇതൊരു പദ്ധതിയുടെ ഭാഗമാണെന്ന് അവർ എന്നെ വിശ്വസിപ്പിച്ചു. കേടുപാടുകൾ ഇല്ലാത്തതും ഭാഗികമായി കേടുപാടുകളും ഉള്ള പേടകങ്ങളാണ് യുഎസിന്റെ കൈവശമുള്ളത്.’’– ഗ്രുഷ് പറഞ്ഞു. ഡേവിഡ് ഗ്രുഷിനു പിന്തുണയുമായി നിരവധി മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.

English Summary: US Government Possesses ''Intact'' Alien Vehicles, Claims Ex Intelligence Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com