മുംബൈ∙ മുംബൈയിലെ മീരാ റോഡിലെ അപ്പാർട്ട്‌മെന്റിൽ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിൽ 56 കാരന്‍ അറസ്റ്റിൽ. അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെടുത്ത അഴുകിയ ശരീരഭാഗങ്ങൾക്ക് രണ്ടു മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഗീതാ നഗർ ഫേസ് ഏഴിൽ ഗീതാ ആകാശ് ദീപ് ബിൽഡിങ്ങിലെ ജെ വിങ്ങിൽ ഫ്ലാറ്റ് 704 ലെ താമസക്കാരനായ മനോജ് സഹാനിയാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന സരസ്വതി വൈദ്യ (32) ആണ് കൊല്ലപ്പെട്ടത്. ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.
ഇവരുടെ ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി കെട്ടിടത്തിലെ താമസക്കാരിൽ ഒരാൾ ബുധനാഴ്ച രാത്രി 7ന് നയനഗർ പൊലീസിൽ ഫോൺ വിളിച്ച് പരാതി നൽകിയിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണവും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നതും പരിശോധിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സോൺ – 1) ജയന്ത് ബജ്ബലെ പറഞ്ഞു.
യുവതിയുടെ ശരീരം പ്രതി കഷണങ്ങളാക്കി മുറിച്ചത് എളുപ്പത്തിൽ ഉപേക്ഷിക്കാൻ വേണ്ടിയാണെന്നാണ് നിഗമനം. യുവതിയുടെ ചില ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രതി എവിടെയെങ്കിലും ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നതായും നയാനഗർ പൊലീസ് പറഞ്ഞു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും സഹാനിക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഫ്ലാറ്റിൽ നിന്ന് തെളിവ് ശേഖരിക്കാൻ ഫൊറൻസിക് സംഘവും എത്തും. ഇരുവരും തങ്ങളുമായി ഇടപഴകിയിരുന്നില്ലെന്ന് കെട്ടിടത്തിലെ താമസക്കാർ പൊലീസിനോട് പറഞ്ഞു.
English Summary: 56-year-old man kills live-in partner, chops her body in Mumbai's Mira Road