ADVERTISEMENT

തിരുവനന്തപുരം∙ സോളര്‍ ജുഡീഷ്യല്‍ കമ്മിഷനായിരുന്ന ജസ്റ്റിസ് ജി.ശിവരാജനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി എ.ഹേമചന്ദ്രന്റെ സര്‍വീസ് സ്റ്റോറി. കമ്മിഷന്‍ പലപ്പോഴും സദാചാര പൊലീസിന്റെ മാനസികാവസ്ഥയിലായിരുന്നു. ചില ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷ ബന്ധത്തിന്റെ മസാലക്കഥകള്‍ കിട്ടുമോ എന്നായിരുന്നുവെന്നും വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ടിന്റെ നിയമസാധുത പരിശോധിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

‘നീതി എവിടെ’ എന്ന സര്‍വീസ് സ്റ്റോറിയില്‍ ‘അല്‍പായുസായ റിപ്പോര്‍ട്ടും തുടര്‍ചലനങ്ങ’ളുമെന്ന തലക്കെട്ടോടെയാണ് സോളര്‍ കമ്മിഷനെതിരെ എ.ഹേമചന്ദ്രന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. സോളര്‍ കേസിന്റെ അന്വേഷണസംഘത്തലവന്‍ എന്ന രീതിയില്‍ കമ്മിഷനു മുന്നില്‍ ഹാജരായപ്പോഴുണ്ടായ അനുഭവങ്ങളാണ് വിമര്‍ശനത്തിനാധാരം.

തട്ടിപ്പായിരുന്നു അന്വേഷണ വിഷയമെങ്കിലും കമ്മിഷന്റെ ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷബന്ധത്തിന്റെ മസാലക്കഥകള്‍ വല്ലതും കിട്ടിയോയെന്നായിരുന്നു. പ്രതിയുടെ കുട്ടിയുടെ പിതൃത്വം അന്വേഷിച്ചോയെന്ന ചോദ്യം പോലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നു. പ്രതിയായ യുവതിയുടെ ആകൃതിയും പ്രകൃതിയും വസ്ത്രധാരണവും പോലും കമ്മിഷന്‍ വര്‍ണിച്ചെന്നും കമ്മിഷന്റെ തമാശകള്‍ ആരോചകമായപ്പോള്‍ പൊലീസുകാര്‍ക്ക് പരാതി നല്‍കേണ്ടി വന്നൂവെന്നും എ.ഹേമചന്ദ്രന്‍ തുറന്നടിക്കുന്നു.

സാമ്പത്തിക തട്ടിപ്പിന് കോടതി ശിക്ഷിച്ച പ്രതികള്‍, കമ്മിഷന് മുന്നില്‍ താര സാക്ഷികളായി മാറി. വിദ്യാസമ്പന്നരായ രണ്ടു യുവ വ്യവസായികളെന്നാണ് കമ്മിഷന്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. ആ വിശ്വാസം പ്രതികള്‍ ചൂഷണം ചെയ്തതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അശ്ലീല സിഡി തേടിയുള്ള നാടകത്തില്‍ കലാശിച്ചതെന്നും പരിഹസിക്കുന്നു. ശിവരാജന്‍ കമ്മിഷന്‍ 5 കോടി രൂപ പ്രതിഫലം പറ്റിയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ടെഴുതിയതെന്ന സിപിഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്ന മുന്‍ ഡിജിപി എ.ഹേമചന്ദ്രന്റെ വിമര്‍ശനം.

English Summary: A Hemachandran against Solar Judicial Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com