‘കേന്ദ്രം ഇടപെട്ടു; ഡൽഹിയിൽനിന്നുള്ള വിമാനനിരക്ക് 61% വരെ കുറഞ്ഞു’

Mail This Article
ന്യൂഡൽഹി ∙ സർക്കാർ ഇടപെടലിനെ തുടർന്നു രാജ്യത്തെ വിമാനനിരക്ക് 14 മുതൽ 61 ശതമാനം വരെ കുറയ്ക്കാനായെന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഡൽഹിയിൽനിന്നു വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണു കുറവുണ്ടായത്. ജൂൺ ആറിനു ചേർന്ന വ്യോമയാന ഉപദേശക സമിതി യോഗത്തിലാണു തീരുമാനമെടുത്തതെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘‘ഡൽഹിയിൽനിന്ന് ശ്രീനഗർ, ലേ, പുണെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ പരമാവധി ടിക്കറ്റ് നിരക്ക് 14 മുതൽ 61 ശതമാനം വരെ കുറച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ജൂൺ ആറിനാണു തീരുമാനമെടുത്തത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും പ്രതിദിന വിമാനനിരക്കുകൾ നിരീക്ഷിക്കുന്നുണ്ട്’’– ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോടു പറഞ്ഞു.
വിപണിയിലെ വിവിധ ഘടകങ്ങൾ വിലയിരുത്തി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശം വിമാനക്കമ്പനികൾക്കാണ്. പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണു നിരക്ക് തീരുമാനിക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികൾക്ക് അവരുടേതായ രീതിയിൽ സാമൂഹിക ഉത്തരവാദിത്തമുണ്ട്. വിവിധ വിഭാഗങ്ങളിൽ നിരക്ക് ഉയർത്തുമ്പോൾ വിമാനക്കമ്പനികൾ നിയന്ത്രണം പാലിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, യുഎഇയിൽ 26നു മധ്യവേനൽ അവധി തുടങ്ങാനിരിക്കെ, കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ മൂന്നിരട്ടിയാക്കി. ഇന്ത്യൻ, വിദേശ എയർലൈനുകളെല്ലാം വർധനയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ മാസം കേരളത്തിലേക്കു 12,000 രൂപയ്ക്കു വരെ കിട്ടിയിരുന്ന വൺവേ ടിക്കറ്റ് അവധി തുടങ്ങുന്നതോടെ 35,000 രൂപയ്ക്കു മുകളിലാവും. 26ന് നാട്ടിലേക്കു പോകാൻ ഇപ്പോൾ ടിക്കറ്റെടുക്കുകയാണെങ്കിൽ നാലംഗ കുടുംബത്തിനു കുറഞ്ഞത് ഒന്നര ലക്ഷം രൂപയാകും.
English Summary: Air Fares Down By Up To 61% After Centre's Move: Minister Jyotiraditya Scindia