ADVERTISEMENT

കൊൽക്കത്ത∙ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ഇനം മാമ്പഴങ്ങൾ അയച്ചുകൊടുത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 12 വർഷത്തെ പാരമ്പര്യം പിന്തുടർന്നാണ് ഈ വർഷവും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മമത ബാനർജി മാമ്പഴങ്ങൾ അയച്ചുകൊടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് മാമ്പഴങ്ങൾ അയച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

ഹിംസാഗർ, ലക്ഷ്മണഭോഗ്, ഫാസ്‌ലി എന്നിവയുടേതുൾപ്പെടെ നാല് കിലോഗ്രാം വീതം വിവിധയിനം മാമ്പഴങ്ങളാണ് പ്രധാനമന്ത്രിയുടെ വസതിയായ ഡൽഹി 7, ലോക് കല്യാൺ മാർഗിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവർക്കും മാമ്പഴം അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

2021ൽ മമത അയച്ച മാമ്പഴങ്ങൾക്ക് മറുപടിയായി, മമതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഷെയ്ഖ് ഹസീന 2,600 കിലോ മാമ്പഴം അയച്ചുനൽകിയിരുന്നു. കഴിഞ്ഞ വർഷം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും മമത ബാനർജി മാമ്പഴം അയച്ചിരുന്നു.

വർഷങ്ങളായി മമതയും മോദിയും തമ്മിൽ അസ്വാരസ്യത്തിലാണ്. എങ്കിലും 2019ൽ, ദുർഗാ പൂജയോടനുബന്ധിച്ച് മമത കുർത്തയും പൈജാമയും മധുരപലഹാരങ്ങളും അയച്ചിരുന്നുവെന്ന് മോദി വെളിപ്പെടുത്തിയിരുന്നു. ‘‘എനിക്ക് പ്രതിപക്ഷ പാർട്ടികളിൽ ധാരാളം സുഹൃത്തുക്കളുണ്ട്. എല്ലാ വർഷവും മമത ദീദി വ്യക്തിപരമായി ഒന്നോ രണ്ടോ കുർത്തകൾ എനിക്കായി തിരഞ്ഞെടുക്കുന്നുവെന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും’’– ബോളിവുഡ് നടൻ അക്ഷയ് കുമാറുമായുള്ള സംഭാഷണത്തിനിടെ മോദി വെളിപ്പെടുത്തി.

English Summary: Following 12-yr-old tradition, Mamata Banerjee sends the best variety of mangoes to PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com