ADVERTISEMENT

ന്യൂഡൽഹി∙ കാനഡയിൽ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റുമാർക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്നാണ് വിദ്യാർഥികൾക്ക് നാടുകത്തൽ നോട്ടീസ് ലഭിച്ചത്. 

‘ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവർഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു’– ഇന്ത്യയിൽ നിന്നുള്ള ലവ്പ്രീത് സിങ്ങ് പറഞ്ഞു. ‘ചിലർ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തൽ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്തനായതെന്നും ലവ്പ്രീത് സിങ്ങ് പറഞ്ഞു. 

പല വിദ്യാർഥികൾക്കും ഓഫർ ലെറ്ററുകൾ ലഭിച്ച കോളേജുകളിലല്ല പ്രവേശനം നേടാനായതെന്ന് പഞ്ചാബിൽ നിന്നുള്ള ചമ്നദീപ് സിങ്ങ് പറയുന്നത്. കോളജുകളില്‍ സീറ്റ് നിറഞ്ഞെന്നു പറഞ്ഞ് ഏജന്റുമാർ തന്നെ മറ്റു കോളജുകളിൽ  പ്രവേശനം നൽകുകയായിരുന്നെന്നും  ആക്ഷേപങ്ങളുണ്ട്.

ഈ വിഷയം കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി  പഞ്ചാബ് മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ കത്ത് നൽകിയിട്ടുണ്ട്.

മേയ് 29 മുതൽ മിസ്സിസ്സാഗയിലെ എയർപോർട്ട് റോഡിലുള്ള കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്എ)യ്ക്ക് മുന്നിലാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇന്ത്യയിൽനിന്നുള്ള ഏഴുന്നുറോളം വിദ്യാർഥികളാണ് കാനഡയിൽ നാടുകടത്തൽ ഭീഷണിയിലുള്ളത്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികളാണ് ഭൂരിഭാഗവും. കാനഡയിലെ വിവിധ കോളജുകളിൽ അഡ്‌മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. ജലന്ധർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയെത്തിയ വിദ്യാർഥികളാണിവർ. ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഒരു വിദ്യാർഥിയിൽനിന്ന് അഡ്‌മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതിൽ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടില്ലതാനും. 

2018–19 കാലത്താണ് വിദ്യാര്‍ഥികൾ പഠനത്തിനായി കാനഡയിലേക്കെത്തിയത്.  തുടർന്ന് പിആറിനായി (പെർമനന്റ് റെസിഡൻസി) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പിആറിന്റെ ഭാഗമായി അഡ്‌മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാർഥികളും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയവരാണ്. കാനഡയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പെന്നാണ് വിവരം.

English Summary: Indian Students in Canada face deportation risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com