ADVERTISEMENT

ഒട്ടാവ∙ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ നടന്ന പരേഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, കാനഡയ്ക്ക് കനത്ത താക്കീതുമായി ഇന്ത്യ. ഇത് കാനഡയ്ക്ക് ഒട്ടും നല്ലതിനല്ലെന്നു ചൂണ്ടിക്കാട്ടിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെത്തന്നെ ഇതു ബാധിക്കുമെന്നും മുന്നറിയിപ്പു നൽകി. ഖലിസ്ഥാൻ അനുകൂല നീക്കങ്ങളെ കാനഡ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിലയിരുത്തലിലാണ് ജയശങ്കറിന്റെ രൂക്ഷ വിമർശനം.

‘‘സത്യത്തിൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയല്ലാതെ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്രയ്ക്ക് സ്വാതന്ത്ര്യവും അവസരവും നൽകുന്നതിനു പിന്നിൽ മറ്റെന്തോ വിഷയമുണ്ടെന്ന് ഞാൻ കരുതുന്നു. എന്തായാലും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ല. കാനഡയ്ക്കും ഒട്ടും നല്ലതിനല്ല’ – ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെയും അവരെ വധിച്ച സ്വന്തം അംഗരക്ഷകരുടെയും ഫ്ലോട്ടുകൾ ഉൾപ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ജൂൺ നാലിനാണ് വിവാദ പരേഡ് അരങ്ങേറിയത്. ജൂൺ ആറിന് വിഖ്യാതമായ ഓപറേഷൻ ബ്ലൂ സ്റ്റാറിന്റെ 39–ാം വാർഷികം ആഘോഷിക്കാനിരിക്കെയായിരുന്നു വിവാദ പരേഡ് നടന്നതെന്നതും ശ്രദ്ധേയം.

ശ്രീ ദർബാർ സാഹിബിനെതിരായ ആക്രമണത്തിനുള്ള പ്രതികാരമാണ് ഇന്ദിര ഗാന്ധി വധമെന്ന സൂചനയും അതിലുണ്ടായിരുന്നു. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ കടന്ന സിഖ് ഭീകരരെ നേരിടാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കമാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. 1984 ജൂൺ ഒന്നിന് ആരംഭിച്ച ഓപ്പറേഷൻ ജൂൺ ആറിനാണ് അവസാനിച്ചത്. ഇതിന്റെ പ്രതികാരമായാണ് ഇന്ദിര ഗാന്ധിയെ വധിച്ചതെന്നാണ് പരേഡിലെ ഫ്ലോട്ട് നൽകുന്ന സൂചന.

നേരത്തെ, ഇത്തരമൊരു പരേഡ് നടന്നതിൽ അതൃപ്തി അറിയിച്ച് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’യ്ക്ക് (ജിഎസി) കത്ത് നൽകിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഉൾപ്പെടെയുള്ളവരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ, ഇന്ത്യയിലെ കാനഡ സ്ഥാനപതി കാമറോൺ മക്കേ, പരേഡിനെ തള്ളിപ്പറഞ്ഞും വിമർശിച്ചും രംഗത്തെത്തി. വിദ്വേഷത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും കാനഡയിൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary: Jaishankar's strong response to Indira Gandhi's killing celebration: 'Not good for Canada'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com