ADVERTISEMENT

പട്ന∙ ജൂൺ 23ന് ബിഹാറിലെ പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ സമ്മേളനം വർഷങ്ങളായി തർക്കത്തിലിരിക്കുന്ന നിരവധി പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരും. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സമ്മേളനത്തിൽ പങ്കെടുക്കും. ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ കുറഞ്ഞത് 450 ഇടങ്ങളിലെങ്കിലും ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതിപക്ഷ വോട്ടുകള്‍ ഏകീകരിച്ച് വെല്ലുവിളി സൃഷ്ടിക്കുകയെന്നതാവും സമ്മേളനത്തിലെ പ്രധാന ചര്‍ച്ച.

ചില സംസ്ഥാനങ്ങളില്‍ കരുത്തരായ പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തിറങ്ങുകയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ഫോര്‍മുലയാണ് പരിഗണനയിലുള്ളത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് തന്നെയാവും ബിജെപിയുടെ പ്രധാന എതിരാളി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നോട്ടുവച്ച ഫോര്‍മുലയാണിത്. മമത നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പട്‌നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കൂട്ടായ്മ വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസും വളരെ പ്രതീക്ഷയോടെ യോഗത്തെ കാണുന്ന സാഹചര്യത്തിലാണ് ഖര്‍ഗെയും രാഹുലും പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ വിമർശകരായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും സമ്മേളനത്തിനെത്തും. പതിറ്റാണ്ടുകളായി തന്റെ കടുത്ത രാഷ്ട്രീയ എതിരാളികളായ ഇടതുമുന്നണി നേതാക്കളുമായും മമതാ ബാനർജി വേദി പങ്കിടും. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജനതാദൾ (യു) ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ പറഞ്ഞു.

ജൂൺ 23ന് നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി, എം.കരുണാനിധിയുടെ ജന്മശതാബ്ദി ചടങ്ങിനോടനുബന്ധിച്ച് മിക്ക നേതാക്കളും ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. പട്‌ന സമ്മേളനത്തിൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പൊതു അജണ്ട ചർച്ചയായേക്കും. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് തടയാൻ ഒരു മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കേണ്ടതില്‍ തങ്ങൾ ഒരേ നിലപാടിലാണെന്ന് മിക്ക പ്രതിപക്ഷ നേതാക്കളും വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയതിലും ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിലും പ്രതിപക്ഷം ഐക്യം പ്രകടമായിരുന്നു. കഴിഞ്ഞ മാസം 20 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. കർണാടകയിൽ ‍സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയും പ്രതിപക്ഷം ശക്തിപ്രകടനം നടത്തി.

English Summary: Longtime Rivals Will Share Platform At Opposition's Big Patna Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com