ADVERTISEMENT

തിരുവനന്തപുരം∙ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഡിജിപിക്ക് പരാതി നൽകി. മാർക്ക് ലിസ്റ്റിൽ കരുതിക്കൂട്ടി ചിലർ തിരിമറി നടത്തിയതായാണ് ആർഷോയുടെ ആരോപണം. ഡിജിപിക്ക് നൽകിയ പരാതി കൊച്ചി കമ്മിഷണർക്ക് കൈമാറി. അന്വേഷിച്ച് തുടർനടപടി സ്വീകരിക്കാൻ ഡിജിപി നിർദേശിച്ചു.

വിഷയത്തിൽ പാർട്ടി നേതൃത്വത്തിനും ആർഷോ വിശദീകരണം നൽകി. തന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന ആർഷോയുടെ വിശദീകരണം പാർട്ടി അംഗീകരിച്ചു. ആർഷോയെ പിന്തുണച്ച് രംഗത്തെത്തിയ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍, വ്യാജരേഖ ചമച്ചതിൽ ആർഷോയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.

മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും ആർഷോയ്ക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു. എന്നാൽ, മാർക്ക് ലിസ്റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാർച്ച് 23ന് പ്രസിദ്ധീകരിച്ച ഫലമാണ് വിവാദമായത്. മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്ന നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ സോഫ്റ്റ്‌വെയറിലെ പിഴവാണെന്നാണ് കോളജ് വിശദീകരിച്ചത്.

എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ മൂന്നാം സെമന്ററിലെ ഒരു പരീക്ഷയും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ പറയുന്നു. പ്രചരിക്കുന്ന മാർക്ക് ലിസ്റ്റിൽ പറയുന്ന വിദ്യാർഥികൾക്കൊപ്പമല്ല താൻ പഠിച്ചതെന്നും അത് 2021 ബാച്ചിന്റെ ഫലമാണെന്നും ആർഷോ വ്യക്തമാക്കിയിരുന്നു. 2022 ബാച്ചിലാണ് പഠിച്ചത്. ചിലരുടെ ഇടപെടലിന്റെ ഭാഗമായാണ് മാർക്ക് ലിസ്റ്റ് പ്രചരിച്ചതെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു.

English Summary: Mark List Row: PM Arsho filed complaint to DGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com