ADVERTISEMENT

മുംബൈ∙ നിയമം ലംഘിച്ച് തെളിവുകളും വിവരങ്ങളും മറച്ചുവച്ചാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ലഹരിമരുന്നു കേസിൽ ക്ലീൻചിറ്റ് നൽകിയതെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ ഉദ്യോഗസ്ഥൻ‌ സമീർ വാങ്കഡെ. ബോംബെ ഹൈക്കോടതിയിലെ കേസിൽ കക്ഷിചേരാനുള്ള അപേക്ഷയിൽ ആണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തിയെന്നതും ആഡംബര വസ്തുക്കൾ വാങ്ങിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങളും വാങ്കഡെ തള്ളി. അതേസമയം, കേസിൽ വാങ്കഡെയ്ക്ക് അറസ്റ്റിൽനിന്നു രണ്ടാഴ്ചത്തേക്കുകൂടി കോടതി സംരക്ഷണം നൽകിയിട്ടുണ്ട്. കേസ് ഇനി ജൂൺ 23ന് പരിഗണിക്കും.

‘ഐ–നോട്ട്’ എന്നു വിശേഷിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരത്തിൽ ചില വ്യക്തികളെ കുടുക്കാനായി വാങ്കഡെ ഭേദഗതി വരുത്തിയെന്ന് എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഇടി) പറയുന്നു. ആദ്യം വന്ന ഐ–നോട്ടിൽ 10 പേരുടെ മാത്രമാണ് പേരുണ്ടായിരുന്നതെന്നും പിന്നീട് ആര്യൻ ഖാന്റെയും അബ്ബാസ് മെർച്ചന്റിന്റെയും പേരുൾപ്പെടുത്തി 27 പേരുടെ പട്ടികയായി വാങ്കഡെയുടെ നേതൃത്വത്തിൽ അതു പുതുക്കുകയായിരുന്നുവെന്നുമാണ് എസ്ഇ‌ടിയുടെ നിലപാട്. എന്നാൽ 27 പേരുടെ പേരാണ് ആദ്യ ഐ–നോട്ടിൽ ഉണ്ടായിരുന്നതെന്നും പത്തുപേരുടെ പേരാക്കി പിന്നീട് മാറ്റുകയായിരുന്നുവെന്ന് വാങ്കഡെയും നിലപാടെടുക്കുന്നു.

∙ കേസ് ഇങ്ങനെ

2021 ഒക്‌ടോബർ 2നാണ് ഗോവയിലേക്കുള്ള ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്‍ ഉൾപ്പെടെയുള്ളവരെ എൻസിബി അറസ്റ്റ് ചെയ്തത്. ആ സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ. എന്നാൽ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കേസിൽ സമീർ വാങ്കഡെയ്‌ക്കെതിരെ ആരോപണമുയർന്നിരുന്നു. ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും സിബിഐ എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.

കേസ് ഒതുക്കിത്തീർക്കാൻ സമീറും രണ്ട് ഉദ്യോഗസ്ഥരും ആഡംബര കപ്പലിൽ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സാക്ഷിയും ചേർന്നാണു പണം ആവശ്യപ്പെട്ടത്. ലഹരിക്കേസിൽ നാല് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ പിന്നീടു വിട്ടയച്ചു. ആര്യൻ ഖാൻ കേസ് നടക്കുന്ന സമയം സമീർ വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റിയിരുന്നു. വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എൻസിബി ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആര്യനെ പ്രതിപ്പട്ടികയിൽനിന്ന് പിന്നീട് ഒഴിവാക്കി. മറ്റു രണ്ട് എൻസിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരിൽ മേയിൽ സർവീസിൽനിന്നു പിരിച്ചുവിട്ടു. എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്കു പിന്നിലെന്നാണ് മുംബൈ മേഖല മുൻ ഡയറക്ടർ കൂടിയായ വാങ്കഡെയുടെ നിലപാട്.

English Summary: NCB special enquiry team gave clean chit to Aryan Khan by suppressing facts, evidence: Wankhede to HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com