ADVERTISEMENT

തിരുവനന്തപുരം∙ സ്വാശ്രയ കോളജുകളിൽ വിദ്യാർഥി പരിഹാരസെൽ നിലവിൽ വരുമെന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കോളജ് പ്രിൻസിപ്പലായിരിക്കും സെല്ലിന്റെ ചെയർപേഴ്സണ്‍. ക്യാംപസുകളിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിദ്യാർഥികളുടെ അവകാശ പ്രഖ്യാപന രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ നിലവിൽ വരും. കോളജുകളിൽ കൗൺസിലിങ്ങ് ലഭ്യമാക്കുന്നതു വിദ്യാർഥികളുടെ അവകാശമായി അവകാശ പ്രഖ്യാപന രേഖയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും മന്ത്രി ആർ. ബിന്ദു നിലപാട് വ്യക്തമാക്കി. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആർഷോയുടെ കുറ്റമല്ലെന്നും സാങ്കേതിക പിഴവാണെന്നും മന്ത്രി സൂചിപ്പിച്ചു. ആർഷോയുടെ പേര് ജൂനിയർ വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ടതിൽ പരിശോധന വേണം. ആർഷോയെ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ വേറെയും ചില തെറ്റുകൾ വന്നിട്ടുണ്ടെന്നു കോളജ് പ്രിൻസിപ്പൽ പറയുന്നു. അക്കാര്യത്തിൽ കൂടുതൽ പരിശോധന വേണം. സർക്കാർ തലത്തിൽ അന്വേഷണം നടത്തും. നാഷനൽ ഇൻഫോർമാറ്റിക് സെന്ററിന് പൊതുവിൽ ഒരു കീർത്തിയുണ്ട്. അതിനാലാണു മഹാരാജാസ് കോളജ് സേവനം തുടർന്നതെന്നു കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

മഹാരാജാസ് കോളജോ പ്രിൻസിപ്പലോ വ്യാജരേഖ കേസിൽ കുറ്റക്കാരല്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയാണു തെറ്റു ചെയ്തത്. പൊലീസ് അന്വേഷണം ആ സംഭവത്തിൽ നടക്കുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുതിർന്ന വ്യക്തിയാണ് വിദ്യ. അങ്ങനൊരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ നിക്ഷിപ്തമാണ്. ഞാനൊരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതിന്റെ ധാർമികമായ ഉത്തരവാദിത്തം എനിക്കു തന്നെയാണ്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

വിദ്യയുടെ പിഎച്ച്ഡി പ്രവേശന വിഷയത്തിൽ വൈസ് ചാൻസലറെ വിളിച്ചിരുന്നു. സിൻഡിക്കറ്റിന്റെ ലീഗൽ സബ് കമ്മിറ്റി അക്കാര്യം അന്വേഷിക്കുന്നുണ്ട്. സംവരണം പാലിക്കപ്പെടേണ്ടതാണ്. ഓരോ സർവകലാശാലയ്ക്കും ഓരോ നിയമമാണ് പിഎച്ച് ഡി പ്രവേശനത്തിലുള്ളത്. അത് പരിശോധിക്കുന്നുണ്ട്. കാലടി സർവകലാശാലയോട് ഇന്നു വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

English Summary: R Bindu says students complaint sell will be implemented in all private colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com