ന്യൂഡൽഹി∙ ‘മോദി മുദ്രാവാക്യ’ങ്ങൾക്കിടെ പ്രസംഗം തടസ്സപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഗുരു ഗോബിന്ദ് സിങ്ങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ ഈസ്റ്റ് ഡൽഹി ക്യാംപസ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ‘‘ഇത്തരം മുദ്രാവാക്യങ്ങൾ കൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മാറുമായിരുന്നെങ്കിൽ, കഴിഞ്ഞ 70 വർഷത്തിനുള്ളിൽ അതു സംഭവിച്ചേനെ’’– അരവിന്ദ് കേജ്‌രിവാൾ പരിഹസിച്ചു.
ഗുരു ഗോബിന്ദ് സിങ്ങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ പുതിയ ക്യാംപസ് ഉദ്ഘാടനം ഡൽഹി സർക്കാരും ലഫ്.ഗവർണർ വി.കെ.സക്‌സേനയും തമ്മിലുള്ള അധികാരത്തർക്കത്തിനു വേദിയായിരുന്നു. പുതിയ ക്യാംപസ് ഇരുകൂട്ടർക്കും ഉദ്ഘാടനം ചെയ്യണമെന്നതാണു തർക്കം രൂക്ഷമാക്കിയത്. ഇതേത്തുടർന്നാണു ക്യംപസ് ഉദ്ഘാടനത്തിനിടെ ബിജെപി, ആം ആദ്മി പ്രവർത്തകർ ചേരിതിരിഞ്ഞത്. ഇരുവരും ക്യാംപസ് അവരുടെ നേട്ടമായാണ് ഉയർത്തിക്കാട്ടുന്നത്.
ചിരിച്ച മുഖത്തോടെ കൈകൂപ്പി ഇരുപക്ഷങ്ങളും തനിക്കു പറയാനുള്ളതു കേൾക്കണമെന്ന് അരവിന്ദ് കേജ്‌രിവാൾ അഭ്യർഥിക്കുന്നതാണ് വിഡിയോയിലുള്ളത്. ‘‘അതിഷ്ടമല്ലെങ്കിൽ നിങ്ങൾക്കു ചെയ്യുന്നതു തുടരാം. എനിക്കറിയാം, നിങ്ങൾക്ക് എന്റെ ആശയങ്ങൾ ഇഷ്ടമാകണമെന്നില്ല. അതിനെതിരെ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ജനാധിപത്യത്തിൽ എല്ലാവർക്കും സംസാരിക്കാനുള്ള അവകാശമുണ്ട്’’ – അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇതുകൊണ്ടാണു വിദ്യാഭ്യാസം വേണമെന്ന് പറയുന്നതെന്നാണ് ഈ സംഭവത്തിനിടെ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലെന പ്രതികരിച്ചത്. ക്യാംപസ് ഉദ്ഘാടനത്തിനിടെ ബിജെപി പ്രവര്‍ത്തകർ പ്രശ്നങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി ആം ആദ്മി പാർട്ടിയും കുറ്റപ്പെടുത്തി.
English Summary: Slogans interrupt Arvind Kejriwals speech at indraprastha University