പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചാറ്റ് ജിപിടി സ്ഥാപകൻ സാം ആൾട്ട്മാൻ
Mail This Article
ന്യൂഡൽഹി∙ ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപൺഎഐ സിഇഒ സാം ആൾട്ട്മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എഐ സാങ്കേതിക വിദ്യയ്ക്ക് രാജ്യാന്തര നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നാണ് വിവരം. ഇന്ത്യയ്ക്കു പുറമേ ഇസ്രയേൽ, ജോർദാൻ, യുഎഇ, ഖത്തർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ആൾട്ട്മാൻ സന്ദർശനം നടത്തും.
ആൾട്ട്മാനുമായുള്ള സംവാദം ഏറെ ഫലപ്രദമായിരുന്നെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സാങ്കേതിക സാഹചര്യത്തെ വലിയ തോതിൽ പോഷിപ്പിക്കാൻ എഐയ്ക്ക് സാധിക്കും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. നമ്മുടെ പൗരന്മാരെ ശാക്തീകരിക്കാൻ സഹായിക്കുന്ന എല്ലാ ഡിജിറ്റൽ പരിണാമങ്ങളെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുമായി എഐ സാങ്കേതികവിദ്യയുടെ സാധ്യതകളെകുറിച്ച് ചർച്ച നടത്തിയെന്ന് ഡൽഹി ഐഐടിയിൽ നടന്ന പരിപാടിയിൽ ആൾട്ട്മാൻ അറിയിച്ചു. അഹിതമായ ചില കാര്യങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി രാജ്യാന്തര നിയന്ത്രണം കൊണ്ടുവരുന്നതും ചർച്ച ചെയ്തു. നിലവിൽ സ്വയനിയന്ത്രണമാണ് കമ്പനി ചെയ്യുന്നതെന്നും ആൾട്ട്മാൻ അറിയിച്ചു.
സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി അവയെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യയിൽ താൻ ആദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ആൾട്ട്മാൻ പറഞ്ഞു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഗുണമേന്മ തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: ChatGPT-Maker CEO Meets PM Modi, Discusses Global Regulation For AI