അഹമ്മദാബാദ്∙ പിരിഞ്ഞു താമസിക്കുന്ന ഭാര്യയുടെ പേരിൽ വ്യാജ വിവാഹ പരസ്യം നൽകിയ ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലെ ഡുഗ്രിയിലാണ് സംഭവം. പിരിഞ്ഞു താമസിക്കുന്ന ഭാര്യയ്‌ക്കെതിരെ കോടതിയിൽ തെളിവു നൽകാനായി മാട്രിമോണിയൽ സൈറ്റിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം സഹോദരനെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
അഹമ്മദാബാദ് സ്വദേശികളായ നീൽ ഗുജ്ജർ, സഹോദരൻ ദേവൽ ഗുജ്ജർ, പിതാവ് മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഡുഗ്രി സ്വദേശിനിയായ വരിന്ദ കോഡൽ എന്ന യുവതി ഫയൽ ചെയ്ത കേസിലാണ് ഇവർ വ്യാജ തെളിവ് ഹാജരാക്കി കുടുങ്ങിയത്.
2022 ഓഗസ്റ്റ് 29ന് നീൽ ഗുജ്ജറിനെ വിവാഹം ചെയ്തതായി വരിന്ദയുടെ പരാതിയിൽ പറയുന്നു. എന്നാൽ ബന്ധത്തിലെ താളപ്പിഴകൾ കാരണം അതേ വർഷം ഒക്ടോബർ 15 മുതൽ ഇരുവരും പിരിഞ്ഞായിരുന്നു താമസം. ഇതിനിടെ, നീലിനും സഹോദരനും പിതാവിനുമെതിരെ ജനുവരി അഞ്ചിന് ഡുഗ്രി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി.
കേസിൽ ജാമ്യം തേടി നീലും കുടുംബവും പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, ഏപ്രിൽ 11ന് കേസുമായി ബന്ധപ്പെട്ട് നടന്ന വാദത്തിനിടെയാണ് ഇവർ യുവതി വിവാഹ പരസ്യം നൽകിയതിന്റെ സ്ക്രീൻ ഷോട്ട് കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ, ഇത്തരമൊരു വിവാഹ പരസ്യം താൻ നൽകിയതല്ലെന്ന് വ്യക്തമാക്കിയ യുവതി, അത് വ്യാജമാണെന്ന് കോടതിയെ അറിയിച്ചു. തന്റെ മെയിൽ ഐഡിയുമായി സാമ്യമുള്ള മെയിൽ ഐഡി ഉണ്ടാക്കി പ്രതികൾ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതാണെന്നും യുവതി വാദിച്ചു. ഇത് സത്യമാണെന്ന് തെളിഞ്ഞതോടെയാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
English Summary: Gujarat man created fake account of estranged wife on matrimonial site; booked