ADVERTISEMENT

കീവ് ∙ കഖോവ്ക ഡാം തകർത്തത് റഷ്യയാണെന്ന് വ്യക്തമായതായി യുക്രെയ്ൻ ഡൊമസ്റ്റിക് സെക്യൂരിറ്റി സർവീസ് (എസ്ബിയു). ഡാം തകർക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേർ സംസാരിക്കുന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പും യുക്രെയ്ൻ പുറത്തുവിട്ടു.

‘‘യുക്രെയ്നല്ല ഡാം തകർത്തത്. അത് ചെയ്തത് നമ്മുടെ ഗ്രൂപ്പാണ്. അവർക്ക് ജനങ്ങളെ ഡാമിൽ മുക്കണം. എന്നാൽ എനിക്ക് അതിനോട് താൽപര്യമുണ്ടായിരുന്നില്ല. തയാറാക്കിയ പദ്ധതിയേക്കാൾ കൂടുതൽ അവർ ചെയ്തു’’.–  ‌ക്ലിപ്പിൽ പറയുന്നു. ആയിരക്കണക്കിന് മൃഗങ്ങൾ ചത്തൊടുങ്ങുമെന്നും പറയുന്നുണ്ട്. 

വോയ്സ് ക്ലിപ്പിന്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല. യുക്രെയ്നാണ് ഡാം തകർത്തതെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന റഷ്യ പ്രതികരിക്കാൻ തയാറായിട്ടില്ല. ഡാം തകർത്ത് ദുരന്തമുണ്ടാക്കുന്നതിലൂടെ യുക്രെയ്നെ ഭീഷണിപ്പെടുത്തുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് എസ്ബിയു പറഞ്ഞു. ലോകത്തിന് മുഴുവനും റഷ്യ ഭീഷണിയായിരിക്കുകയാണെന്നും എസ്ബിയു ആരോപിച്ചു.

ഇരുപത്തഞ്ചോളം ഗ്രാമങ്ങളിൽനിന്ന് 17,000 പേരെ ഒഴിപ്പിച്ചെന്നും ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലാണെന്നും യുക്രെയ്ൻ അധികൃതർ പറഞ്ഞു. 40,000 പേരെങ്കിലും പ്രളയഭീഷണിയിലാണ്. റഷ്യ കഴിഞ്ഞവർഷം പിടിച്ചെടുത്ത മേഖലയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക. 3.3 കിലോമീറ്റർ നീളമുള്ള അണക്കെട്ട് തകർന്നതോടെ റഷ്യയുടെ നിയന്ത്രണത്തിലുള്ള പട്ടണമായ നോവ കഖോവ്കയിലെ നിരത്തുകളെല്ലാം വെള്ളത്തിലാണ്. ചൊവ്വാഴ്ചയാണ് ‍ഡാം തകർന്നത്.

  English Summary: Intercepted call that proves Russia blew up Kakhovka dam: Kyiv

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com