‘സരസ്വതി വളർന്നത് അനാഥാലയത്തിൽ; ഇപ്പോൾ ധനികനായ അമ്മാവനൊപ്പമെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു’

Mail This Article
മുംബൈ ∙ ഒപ്പം താമസിച്ചിരുന്നയാൾ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സരസ്വതി വൈദ്യയെന്ന മുപ്പത്തിരണ്ടുകാരി വളർന്നത് അഹമ്മദ്നഗറിലുള്ള അനാഥാലയത്തിൽ. അവിടെനിന്ന് പോന്നതിനു ശേഷമാണ് സരസ്വതി, ഇപ്പോൾ കേസിലെ പ്രതിയായ മനോജ് സാനെയ്ക്കൊപ്പം (56) ജീവിച്ചു തുടങ്ങിയത്. ഒൻപതു വർഷമായി ഇയാൾക്കൊപ്പമാണെങ്കിലും, അമ്മാവനൊപ്പമാണ് താമസമെന്നാണ് വളർന്ന അനാഥാലയത്തിലെ അധികൃതരോടു പറഞ്ഞിരുന്നത്. അതിധനികനായ അമ്മാവന് മുംബൈയിൽ തുണിമില്ലുകളുണ്ടെന്നും സരസ്വതി അനാഥാലയ അധികൃതരെ തെറ്റിദ്ധരിപ്പിച്ചതായി അവിടുത്തെ ജീവനക്കാർ സ്ഥിരീകരിച്ചു.
‘‘മുംബൈയിലുള്ള അമ്മാവനൊപ്പമാണ് ഇപ്പോൾ താമസമെന്നാണ് സരസ്വതി വൈദ്യ അനാഥാലയത്തിൽ അറിയിച്ചിരുന്നത്. തുണി മില്ലുകളുടെ ഉടമയായ അമ്മാവൻ അതി ധനികനാണെന്നും അവർ പറഞ്ഞിരുന്നു’ – അനാഥാലയത്തിലെ ജീവനക്കാരനായ അനു സാൽവെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവുമൊടുവിൽ സരസ്വതി വൈദ്യ അനാഥാലയത്തിലെത്തിയത് രണ്ടു വർഷം മുൻപാണ്. അന്ന് അവർ ദുഃഖിതയായാണ് കാണപ്പെട്ടതെന്നും സാൽവെ പറഞ്ഞു.
ബോറിവാലിയിൽ താമസിക്കുന്ന കാലത്താണ് സരസ്വതി വൈദ്യ കേസിലെ പ്രതിയായ മനോജ് സാനെയെ പരിചയപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. 2014ലാണ് ഇത്. അന്ന് ഒരു റേഷൻ കടയിൽ വച്ചാണ് അവിടുത്തെ ജീവനക്കാരനായ മനോജിനെ സരസ്വതി ആദ്യമായി കാണുന്നത്. ഇരുവരും ഒരു ജാതിയിൽപെട്ടവരായിരുന്നു. മാത്രമല്ല, വിവാഹം കഴിച്ചിരുന്നുമില്ല.
കാര്യമായ വിദ്യാഭ്യാസമില്ലാതിരുന്ന സരസ്വതിക്ക് ജീവിതത്തെക്കുറിച്ച് കാര്യമായ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനോജ് സാനെയെ പരിചയപ്പെട്ടതോടെ സരസ്വതിയുടെ ജീവിതം പൂർണമായും അയാളെ ആശ്രയിച്ചായി. അങ്ങനെയാണ് ഇരുവരും ഒന്നിച്ചു ജീവിക്കാനാരംഭിച്ചത്. മൂന്നു വർഷം മുൻപാണ് കൊലപാതകം നടന്ന മീരാറോഡിലെ ഫ്ലാറ്റിൽ താമസിക്കാനെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സരസ്വതിയുടെ മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ച കേസിൽ മനോജ് സാനെയെ പൊലീസ് അറസ്റ്റ് ചെയ്തത്. മീരാറോഡ് ഈസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാർ അറിയിച്ചതിനു പിന്നാലെ പൊലീസ് പൂട്ട് തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.
തെളിവു നശിപ്പിക്കുന്നതിനായി പ്രതി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചനയുണ്ട്. സാനെ പതിവില്ലാതെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നതായി അയൽക്കാർ നൽകിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളിൽ ചിലത് സമീപത്ത് അഴുക്കുചാലിൽ ഒഴുക്കിയതായും സൂചനയുണ്ട്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളിൽ ചിലത് സാനെ പ്രഷർ കുക്കറിലിട്ട് വേവിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
English Summary: ‘Living with uncle…owns cloth mills': What Mumbai murder victim told orphanage