നിർമല സീതാരാമന്‍റെ മകൾക്ക് മാംഗല്യം; വരൻ മോദിയുടെ അടുത്ത അനുയായി
Mail This Article
ബെംഗളൂരു∙ ധനമന്ത്രി നിര്‍മല സീതാരാമന്‍റെ മകള്‍ വാങ്മയി വിവാഹിതയായി. ബെംഗളുരുവില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായിട്ടായിരുന്നു വിവാഹം. രാഷ്ട്രീയ നേതാക്കളാരും ചടങ്ങില്‍ പങ്കെടുത്തില്ല.
പ്രതീക് ദോഷി ആണ് വരൻ. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു വധു പരകാല വാങ്മയിയുടെ വേഷം.
∙ പ്രതീക് ദോഷി: പിഎംഒ ഉദ്യോഗസ്ഥൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണ് പ്രതീക് ദോഷി. ഗുജറാത്തുകാരനായ അദ്ദേഹം മോദിയുടെ അടുത്ത അനുയായിയാണെന്നാണ് റിപ്പോർട്ട്. ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) ആണ് ദോഷി. ഗവേഷണ, തന്ത്രപരമായ കാര്യങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. കാര്യനിർവഹണത്തിന് പ്രധാനമന്ത്രിയെ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല. 2019 ജൂലൈയിൽ ആണ് അദ്ദേഹത്തിന് ഈ ചുമതല നൽകിയത്. മാസം 1,57,600 രൂപയാണ് ശമ്പളമെന്ന് പിഎംഒ വെബ്സൈറ്റിൽ പറയുന്നു. സിംഗപ്പുർ മാനേജ്മെന്റ് സർവകലാശാലയിൽനിന്നാണ് ദോഷി ബിരുദം നേടിയത്.
∙ പരകാല വാങ്മയി: മാധ്യമപ്രവർത്തക
നിലവിൽ മിന്റ് ലൗഞ്ചിലെ മാധ്യമപ്രവർത്തകയാണ് പരകാല വാങ്മയി. നേരത്തേ ദ് ഹിന്ദുവിലും പ്രവർത്തിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗത്തിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് നോർത്‌വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ മെഡിൽ സ്കൂൾ ഓഫ് ജേണലിസത്തിൽനിന്നും ബിരുദം കരസ്ഥമാക്കി.
English Summary: Nirmala Sitharaman's Daughter Gets Married In A Simple Home Ceremony