ADVERTISEMENT

തിരുവനന്തപുരം ∙ നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശി രാഖിമോളെ (30) കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ കാമുകൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും പിഴയും. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻ ജഡ്ജ് കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. മൂന്നു പ്രതികൾക്കും 12 ലക്ഷം രൂപയാണ് പിഴ. പെൺകുട്ടിയുടെ കുടുംബത്തിന് തുക കൈമാറണം.

പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കേസിൽ 3 പ്രതികളും കുറ്റക്കാരെന്ന് അഡീഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു കണ്ടെത്തിയിരുന്നു. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ.നായർ (24), സഹോദരൻ രാഹുൽ ആർ.നായർ (27), സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശ് നായർ (23) എന്നിവരാണ് പ്രതികൾ. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 

കൊല്ലപ്പെട്ട രാഖി , പ്രതികളായ അഖിൽ.ആർ.നായർ,രാഹുൽ ആർ.നായർ, ആദർശ് എന്നിവർ
കൊല്ലപ്പെട്ട രാഖി , പ്രതികളായ അഖിൽ.ആർ.നായർ,രാഹുൽ ആർ.നായർ, ആദർശ് എന്നിവർ

2019 ജൂൺ 21നാണ് സംഭവം. കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖിമോളെ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായിരുന്ന അഖിൽ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടതാണ് തുടക്കം. ഇരുവരും പ്രണയത്തിലായി. രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം അഖിലുമൊരുമിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതിനിടെ അന്തിയൂർക്കോണം സ്വദേശിയായ യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. 

ഈ ചടങ്ങിന്റെ ഫോട്ടോ അഖിൽ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് രാഖി വിവരമറിഞ്ഞത്. ഇതോടെ രാഖി വിവാഹം മുടക്കുമെന്നു പറഞ്ഞതിലുള്ള വിരോധമാണു കൊലയ്ക്കു കാരണമെന്നാണു കേസ്. സംഭവ ദിവസം രാഖിമോളെ പൂവാറിലെ വീട്ടിൽനിന്ന് അഖിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലേക്കു വിളിച്ചുവരുത്തി. അമ്പൂരിയിലുള്ള തന്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞു രാഖിയെ കാറിൽ കയറ്റി. വഴിയിൽ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരും വാഹനത്തിൽ കയറി. യാത്രയ്ക്കിടെ രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

English Summary: Thiruvananthapuram Amboori Rakhi Murder Case Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com