ADVERTISEMENT

മോസ്കോ ∙ യുക്രെയ്ൻ യുദ്ധം തുടരവേ, ബെലാറൂസിൽ ആണവായുധം വിന്യസിക്കാനൊരുങ്ങി റഷ്യ. ജൂലൈയിൽ പ്രത്യേക സംഭരണകേന്ദ്രങ്ങൾ തയാറായതിനു ശേഷം തന്ത്രപ്രധാനമായ ആണവായുധങ്ങൾ വിന്യസിക്കാൻ തുടങ്ങുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ പറഞ്ഞു. പാശ്ചാത്യശക്തികളും യുഎസും യുക്രെയ്നിലേക്ക് വ്യാപകമായി ആയുധങ്ങൾ എത്തിക്കുന്നെന്നാണ് റഷ്യയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് റഷ്യ ആണവായുധങ്ങൾ രംഗത്തിറക്കുന്നത്.

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മോസ്കോയുടെ പുറത്തേക്ക് ആണവായുധങ്ങൾ മാറ്റാനുള്ള നീക്കം ആദ്യമാണ്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രെയ്നു പിന്തുണ അറിയിച്ചപ്പോള്‍ തന്നെ ബെലാറൂസിലേക്ക് തന്ത്രപ്രധാനമായ ആണവായുധങ്ങൾ മാറ്റുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്നിൽ റഷ്യ നടത്തുന്നത് സാമ്രാജ്യത്വ രീതിയിലുള്ള അധിനിവേശമാണെന്നും അതുകൊണ്ടുതന്നെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്നെ സഹായിക്കുമെന്നും നാറ്റോ രാജ്യങ്ങൾ വ്യക്തമാക്കി.

പദ്ധതി അനുസരിച്ചു തന്നെയാണ് എല്ലാകാര്യങ്ങളും ഇതുവരെ മുന്നോട്ടു പോയതെന്ന് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുട്ടിൻ പറഞ്ഞു. ‘‘ജൂലൈ 7, 8 തീയതികളിൽ സൗകര്യങ്ങൾ സജ്ജമാകും. നിങ്ങളുടെ പ്രദേശത്ത് ആയുധങ്ങൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും’’– ബെലാറൂസ് പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിൽ പുട്ടിൻ പറഞ്ഞു.

യുക്രെയ്നെതിരെ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്റെ ഭീഷണിക്കു പിന്നാലെ കഴിഞ്ഞവർഷം ബെലാറൂസ്, ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ഭരണഘടനാ ഭേദഗതി പാസാക്കിയിരുന്നു. ഇതോടെ, റഷ്യൻ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാനുള്ള തടസ്സം നീങ്ങി. ബെലാറൂസ് അതിർത്തിയിൽനിന്നുള്ള മിസൈൽ പരിധിയിയിൽ യുക്രെയ്ൻ തലസ്ഥാനമായ കീവും ഉൾപ്പെടും.

English Summary: Russia to deploy tactical nuclear weapons in Belarus in July, says Putin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com