ADVERTISEMENT

ബെംഗളൂരു∙ ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഒരുദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ ഭർത്താവിന് എതിരെയായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും കോടതി വിലയിരുത്തി. നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനു തെളിവാണ് ഈ പരാതി എന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം തനിക്കും കുടുംബത്തിനും എതിരെ യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്നു കാണിച്ച് യുവാവും കോടതിയെ സമീച്ചു. ബെംഗളൂരുവിലെ മോട്ടർബൈക്ക് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും. വിവാഹത്തിനു മുൻപ് 4 വർഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. 2023 ജനുവരി 27നായിരുന്നു വിവാഹം. വിവാഹദിനത്തിൽ തന്നെ ഭാര്യയുടെ ജന്മദിനവും ആഘോഷിച്ചു. ഇതിനിടെയാണ് ഭാര്യയുടെ മുൻബന്ധം ഭർത്താവ് അറിഞ്ഞത്. വാട്സാപ്പിലൂടെ ഭാര്യ മുൻകാമുകനുമായി സംസാരിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമായി.  ജനുവരി 29ന് യുവതി ഭർത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്കു പോവുകയും ചെയ്തു. 

പിന്നീട് ഒരുമാസത്തോളം ഇരുവരും സംസാരിച്ചിട്ടില്ല. തുടർന്ന് ഭർത്താവിനെതിരെ പീഡനമടക്കമുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ച് യുവതി പരാതി നൽകി. വിവാഹം നടന്ന ദിവസം എന്താണു സംഭവിച്ചതെന്നു തനിക്കറിയില്ലെന്ന് യുവതി പറയുന്നുണ്ട്. വിവാഹം റജിസ്റ്റർ ചെയ്തത് ഓർക്കുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. തന്റെ മുൻബന്ധത്തെ കുറിച്ച് അറിഞ്ഞ പരാതിക്കാരൻ പീഡിപ്പിച്ചതായും യുവതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞെങ്കിലും സാഹചര്യവശാൽ പിന്നീടുണ്ടായ ലൈംഗിക ബന്ധം കുറ്റകൃത്യമാണെന്നും ആരോപിച്ചു. 

എന്നാൽ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശദീകരണം കേട്ട കോടതിയുടെ നിരീക്ഷണം ഇങ്ങനെയാണ് – ‘‘പരാതിക്കാരി യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. വിവാഹത്തിനു മുന്‍പ് രണ്ടുവർഷത്തോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കുറച്ചു ദിവസം ഒരുമിച്ചു ജീവിച്ചതിനു ശേഷം ബലാത്സംഗകുറ്റം ആരോപിക്കുകയാണ്. ഇതിൽ ഹർജിക്കാരൻ മാത്രമല്ല, ഹർജിക്കാരന്റെ കുടുംബവും കുറ്റകൃത്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്’’ – കോടതി വ്യക്തമാക്കി. ഇടക്കാല സ്റ്റേ നിലനിർത്തിക്കൊണ്ട് അന്വേഷണം പുരോഗമിക്കുമെന്നും കോടതി വ്യക്തമാക്കി. 

English Summary: Best Example Of Abuse Of Law: High Court On Woman's Case Against Husband, In-Laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com