തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുൻമന്ത്രിമാരും പ്രതിപക്ഷ നേതാവും ചേർന്ന് മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയത് ഒരു കോടിയിലധികം രൂപ. മുൻ മന്ത്രിമാർ മുൻകാല പ്രാബല്യത്തോടെ വാങ്ങിയ 11 ലക്ഷം ഉൾപ്പെടെയാണ് റീ ഇംബേഴ്സ്മെന്റ് തുക ഒരു കോടിയിലെത്തിയത്.
സംസ്ഥാനത്തിനകത്തും വിദേശത്തും ചികിത്സ തേടിയ വകയിൽ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് കൈപ്പറ്റിയവരിൽ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്. അമേരിക്കയിലെ മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ചെലവാക്കിയ 29 ലക്ഷം ഉൾപ്പെടെ 31.77 ലക്ഷമാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് ചെലവാക്കിയത്.
രണ്ടാം സ്ഥാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ്. ആകെ തുക 31.31 ലക്ഷം. മന്ത്രിമാരായ വി.ശിവൻകുട്ടി 8.85 ലക്ഷവും അഹമ്മദ് ദേവർകോവിൽ 4 ലക്ഷവും കൈപ്പറ്റി. മന്ത്രിമാരിൽ ഏറ്റവും കുറവ് തുക ചികിത്സയ്ക്കായി കൈപ്പറ്റിയിരിക്കുന്നത് സജി ചെറിയാനാണ്, 12,096 രൂപ. ചീഫ് വിപ്പ് എൻ.ജയരാജ് 11,100 രൂപ കൈപ്പറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 97,000 രൂപ ചികിത്സയ്ക്കായി കൈപ്പറ്റിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
അതേസമയം, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കെ.ബാലഗോപാൽ എം.ബി.രാജേഷ്, വീണാ ജോർജ് എന്നിവർ ഒരു രൂപ പോലും മെഡിക്കൽ റീ ഇംബേഴ്സ്മെന്റായി കൈപ്പറ്റിയിട്ടില്ല.
Content Highlight: Chief Minister, Ministers, and Ex-Minister Medical Reimbursement