തിരുവനന്തപുരം∙ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് പദവിയിൽനിന്ന് ആദിത്യനെ മാറ്റിയതുമായി ബന്ധപ്പെട്ടാണു കയ്യാങ്കളി. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആദിത്യൻ ആരോപണവിധേയനായിരുന്നു. വഞ്ചിയൂർ ഏരിയയിൽനിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദർശ് തുടരും.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്. അനഘയ്ക്ക് പകരം ആൾമാറാട്ടം നടത്തി എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് സർവകലാശാലയെ അറിയിച്ച സംഭവത്തിൽ ആദിത്യനെതിരെയും ആരോപണം ഉയർന്നിരുന്നു. ജില്ലാ സമ്മേളനത്തിൽ ആൾമാറാട്ടം അടക്കമുള്ള വിഷയങ്ങൾ പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. എന്നാൽ സമ്മേളന പ്രതിനിധികളിൽനിന്ന് കടുത്ത വിമർശനം ഉയരുകയും ചെയ്തു.
2022 ഡിസംബർ 30നാണു ആദിത്യനെ ജില്ലാ പ്രസിഡന്റായും ആദർശിനെ ജില്ലാ സെക്രട്ടറിയായും ചുമതലപ്പെടുത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥനും പ്രസിഡന്റ് ജോബിൻ ജോസും മദ്യപിച്ച് റോഡിൽ നൃത്തം ചെയ്ത വിഡിയോ പുറത്തുവന്നതോടെയാണ് ഇവരെ മാറ്റി ആദിത്യനെയും ആദർശിനെയും നിയമിച്ചത്.
Read Also: പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ്: വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണം
English Summary: Conflict in SFI Trivandrum district meeting