മഹാസഖ്യം തകർക്കാൻ ചില ബിജെപി നേതാക്കൾ ശ്രമിക്കുന്നു: ശ്രീകാന്ത് ഷിൻഡെ
Mail This Article
മുംബൈ∙ മഹാരാഷ്ട്രയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പരസ്യപ്രസ്താവനയുമായി ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എംപി. ദോംബിവില്ലി യൂണിറ്റിലെ ചില ബിജെപി നേതാക്കള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ബിജെപി-ശിവസേന ഷിന്‍ഡെ വിഭാഗം കൂട്ടുകെട്ടിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് ശ്രീകാന്ത് പറഞ്ഞു. തനിക്കു പ്രത്യേകിച്ച് ആഗ്രഹമൊന്നും ഇല്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. മുന്നണി നേതൃത്വം ഏത് സ്ഥാനാർഥിയെ തീരുമാനിച്ചാലും പിന്തുണ നൽകുമെന്നും ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.
ബിജെപി–ശിവ്സേന സഖ്യം വിപുലീകരിക്കുമെന്നും ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. ‘ഒരുമിച്ചുള്ള പ്രവർത്തനം ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ എന്റെ പദവി രാജിവയ്ക്കാൻ ഞാൻ ഒരുക്കമാണ്.’– ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപിയോടൊപ്പം ചേർന്നു മത്സരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
ബിജെപിക്ക് ഒപ്പം നിന്ന് വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടുമെന്ന് ഏക്നാഥ് ഷിൻഡെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഏക്നാഥ് ഷിൻഡെ അമിത്ഷായെ കണ്ടിരുന്നു. ബിജെപിയുമായി കൈകോർത്ത് മഹാരാഷ്ട്രയെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നും ഏക്നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു.
English Summary: "Some Leaders Are Trying To...": Eknath Shinde's Son's Big Claim