ADVERTISEMENT

ന്യൂഡൽഹി∙ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ കേരളത്തിലെത്തുന്നത്. ജൂൺ 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം കേരളത്തിലുണ്ടാകും. പുനഃസംഘടനയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന ആരോപണം തെറ്റാണെന്നു താരിഖ് അൻവർ പറഞ്ഞു. 

കൂടിയാലോചന നടത്താതെയാണു സംസ്ഥാന നേതൃത്വം കേരളത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന എ, ഐ ഗ്രൂപ്പുകളുടെ പരാതി നേരത്തെ തന്നെ കോൺഗ്രസ് കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. ഘടകങ്ങളുടെ ശുപാർശകൾ പരിഗണിച്ചാണു സംസ്ഥാന നേതൃത്വം ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചത്. മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവരടക്കം എല്ലാവരെയും വിശ്വാസത്തിലെടുത്താണു നിയമനമെന്നും താരിഖ് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂൺ മൂന്ന് രാത്രി 12 മണിക്കു കെപിസിസി പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജിലായിരുന്നു ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. 230 ഭാരവാഹികളിൽ പകുതിയിലേറെ 50 വയസ്സിൽ താഴെയുള്ളവരാണെന്നു കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു. വനിതാ പ്രാതിനിധ്യം പക്ഷേ തീർത്തും പരിമിതമായി. 

അതേസമയം ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലി കെപിസിസി നേതൃത്വത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി അടുത്താഴ്ച ഡൽഹിയിലെത്തും. മല്ലികാർജുൻ ഖർഗെയെ നേരിട്ട് കണ്ട് പരാതി പറയാനാണു തീരുമാനം. നേതൃത്വം പറഞ്ഞവാക്ക് പാലിച്ചില്ലെന്ന് എം.കെ.രാഘവൻ ആഞ്ഞടിച്ചപ്പോൾ ഗ്രൂപ്പ് യോഗം വേണ്ടിയിരുന്നില്ലെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.

English Summary: Tariq Anwar will reach Kerala inorder to discuss row over block presidents list 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com