ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് (ഡബ്ല്യുഎഫ്ഐ) ബ്രിജ്ഭൂഷണെതിരായ പരാതികളില്‍ പരിഹാരമായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന മുന്നറിയിപ്പുമായി സാക്ഷി മാലിക്. തങ്ങള്‍ കടന്നുപോകുന്ന മാനസിക സമ്മര്‍ദം എത്രത്തോളം എന്ന് ആര്‍ക്കും മനസിലാകില്ലെന്നും അവര്‍ ഹരിയാനയിലെ സോണിപത്തിൽ പ്രതികരിച്ചു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. ബ്രിജ് ഭൂഷണെതിരെ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണ റിപ്പോർട്ട് ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. ഈ മാസം അവസാനം നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ സിലക്‌ഷൻ ട്രയലിൽ പങ്കെടുക്കാൻ തയാറാണെന്ന് ഗുസ്തി താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളുടെ വിവരങ്ങൾ ജൂലൈ 15ന് മുൻപായി ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയെ അറിയിക്കണമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ ചൈനയിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
English Summary: Wrestlers won't participate in Asian Games unless issue is resolved