ADVERTISEMENT

നോയിഡ∙ എടിഎമ്മില്‍ പശ ഒഴിച്ച് എടിഎം കാര്‍ഡും പിന്നാലെ പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പു നടത്തുന്ന നാലംഗ സംഘം പിടിയില്‍. നോയിഡ സ്വദേശികളായ പവൻ, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമർ എന്നിവരെയാണു ശനിയാഴ്ച രാവിലെ പഞ്ച്ഷീൽ അണ്ടർപാസിനു സമീപം വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

എടിഎമ്മുകളിലെത്തുന്ന സംഘം എടിഎം മെഷീനുകളില്‍ കാർഡ് ഉപയോഗിക്കുന്ന സ്ലോട്ടില്‍ പശ ഒഴിക്കുകയും കിയോസ്കിൽ ഹെൽപ്പ്‌ലൈൻ നമ്പര്‍ എന്ന വ്യാജേന തങ്ങളുടെ നമ്പറുള്ള പോസ്റ്ററുകളും പതിപ്പിക്കുകയും ചെയ്യും. പിന്നാലെയെത്തുന്ന ഉപയോക്താവ് എടിഎമ്മില്‍ കാര്‍‍ഡ് ഉപയോഗിക്കുമ്പോള്‍ കാർഡ് മെഷീനിന്‍റെ സ്ലോട്ടില്‍ തന്നെ കുടുങ്ങും. പിന്നാലെ സംഘാംഗത്തിന്‍റെ വരവായി. ബാങ്ക് ജീവനക്കാരനായി വേഷമിട്ട് എത്തുന്നയാള്‍ സ്വയം കാർഡ് പുറത്തെടുക്കാൻ ശ്രമിക്കും എന്നാല്‍ പരാജയപ്പെടുമ്പോൾ കൗണ്ടറിലെ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പറയും. ‌‌

ഇതോടെ വ്യാജ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുന്ന ഉപഭോക്താവിനോട് ഐഡന്‍റിറ്റി ഉറപ്പിക്കാനാണെന്ന വ്യാജേന കാര്‍ഡിന്‍റെ പിന്‍ നമ്പര്‍ ചോദിച്ചു മനസ്സിലാക്കുന്ന സംഘം പ്രശ്നം പരിഹരിക്കാൻ കുറഞ്ഞത് 2 മുതല്‍ 3 മണിക്കൂർ വരെ എടുക്കുമെന്നും തൊട്ടടുത്ത ബാങ്കില്‍ വച്ച് കാര്‍ഡ് കൈപ്പറ്റാമെന്നും പറഞ്ഞ് ഉപയോക്താവിനെ എടിഎം കൗണ്ടറില്‍നിന്നു മാറ്റുകയും ചെയ്യും. ഉപയോക്താവ് മടങ്ങിയശേഷം അവരുടെ കൈയ്യിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ കാര്‍ഡ‍് പുറത്തെടുക്കുകയും തൊട്ടടുത്തുള്ള എടിഎമ്മില്‍ കയറി പണം പിന്‍വലിക്കുകയും ചെയ്യും.

ഇത്തരത്തില്‍ എടിഎം മെഷീനില്‍ കുടുങ്ങിയ തന്റെ കാർഡ് ഉപയോഗിച്ച് 2000 രൂപ പിൻവലിച്ചെന്ന് ജൂൺ 6ന് പരാതിയുമായി ഉപയോക്താവ് രംഗത്തെത്തിയതോടെയാണ് സംഘം പൊലീസിന്റെ നിരീക്ഷണത്തിലാകുന്നത്. സിസിടിവി ദൃശ്യങ്ങളില്‍‌നിന്നുള്ള സൂചനകള്‍ ഉപയോഗിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പക്കല്‍നിന്നു ഡെബിറ്റ് കാർഡുകൾ, വ്യാജ ബാങ്ക് ഐഡികൾ, ഉപയോക്താക്കളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളുള്ള വ്യാജ സ്ലിപ്പുകൾ എന്നിവ കണ്ടെടുത്തു.

ഒരു വർഷമായി തങ്ങള്‍ ഇത്തരത്തില്‍ മോഷണം നടത്താന്‍ തുടങ്ങിയിട്ട് എന്നാണു പ്രതികള്‍ പൊലീസിനോടു പറഞ്ഞത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന എടിഎം കൗണ്ടറുകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കാറുള്ളത്. ഇത്തരത്തില്‍ എട്ട് കേസുകള്‍ കൂടി വിവിധയിടങ്ങളിലായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ കേസിലും 10,000 രൂപ മുതൽ 15,000 രൂപയാണ് ഉപയോക്താക്കളില്‍നിന്നു  തട്ടിയെടുത്തിട്ടുള്ളത്. നഗരത്തിൽ ഇത്തരത്തില്‍ സമാനമായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

English Summary: Using glue in ATM slots; Fraud ; Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com