ADVERTISEMENT

കൊച്ചി∙ സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽനിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹൻ പങ്കുവച്ചു.

ഒരു കലാകാരനായി പ്രവർത്തിക്കാൻ വേണ്ട സ്വാതന്ത്ര്യം രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി നിന്നാൽ കിട്ടില്ലെന്നും അതിനാലാണ് രാജിവച്ചതെന്നും രാമസിംഹൻ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു. ‘ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. കലാകാരനാകുമ്പോൾ പല കാര്യത്തിലും കുറച്ചു സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യം ഒരു രാഷ്ട്രീയക്കാരന് ലഭിക്കില്ല. അതുകൊണ്ടാണു ബിജെപിയിലേക്കു വന്ന കലാകാരന്മാർ വിട്ടുപോകുന്നത്.

ബിജെപിയിൽനിന്നു രാജിവച്ചിട്ട് രണ്ടാഴ്ചയിൽ കൂടുതലായി. അവിടെനിന്നു തന്നെയാണു രാജി വാർത്ത ചോർന്നത്. തുടർന്നു ഞാൻ സിപിഎമ്മിലേക്കു പോയി എന്ന തരത്തിൽ വ്യാജപ്രചരണങ്ങൾ കണ്ടു. അതുകൊണ്ടാണ് ഇപ്പോൾ ഫെയ്സ്ബുക്കിൽ കൂടി വ്യക്തത വരുത്തിയത്’’– രാമസിംഹൻ പ്രതികരിച്ചു.

‘‘പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്കു വേണ്ടിയല്ലാതെ... ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല... തികച്ചും സ്വതന്ത്രൻ... എല്ലാത്തിൽനിന്നും മോചിതനായി... ഒന്നിന്റെ കൂടെമാത്രം, ധർമത്തോടൊപ്പം ഹരി ഓം...’’– എന്നാണ് രാജിക്കത്ത് പങ്കുവച്ചു കൊണ്ട് രാമസിംഹൻ തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലയെ പ്രകീർത്തിച്ചു കൊണ്ട് രാമസിംഹൻ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റിനു താഴെ കേരളത്തിന്റെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പരിഹാസവും ഉയർത്തിയിരുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും രാമസിഹംൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘‘ചിലപ്പോൾ എനിക്കു സുരേന്ദ്രനെ ചീത്ത വിളിക്കേണ്ടി വരും, നേതൃത്വത്തിനെതിരെ പറയേണ്ടി വരും. അങ്ങനെ സത്യം പറയേണ്ടിവരുമ്പോൾ അംഗത്വം ഒരു പ്രശ്നമാണ്. ഇനിയൊരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ല’’ – അദ്ദേഹം പറഞ്ഞു.

‘‘അയാൾക്കു പണം വേണ്ടാ... അയാൾക്ക് ആരെയും ഭയപ്പെടേണ്ട... കാരണം അയാൾ അഴിമതിയിൽ പ്രതിയല്ല, നട്ടെല്ലിന്റെ സ്ഥാനത്തു അതു തന്നെയാണ് വാഴപ്പിണ്ടിയല്ല, അയാൾ കുടുംബത്തിനു വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത്... കണ്ടു പഠിച്ചാൽ പോരാ കാലു തൊട്ട് തൊഴണം നുമ്മക്കടെ നേതാക്കൾ...’എന്നായിരുന്നു അണ്ണാമലയെ പ്രകീർത്തിച്ച് രാമസിംഹൻ ഇട്ട പോസ്റ്റ്. ഇതുപോലൊരു നേതാവിനെ നമുക്ക് കിട്ടുമോ എന്ന ഒരാളുടെ കമന്റിനു സുരേട്ടൻ ഇല്ലേ എന്നായിരുന്നു മറുപടി.

പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹൻ നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. സംവിധായകൻ രാജസേനനയും ഭീമൻ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. രാജസേനൻ സിപിഎമ്മിൽ ചേർന്നിരുന്നു.

English Summary: Director Ramasimhan Aboobakker leaves BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com